മുങ്ങാനൊരുങ്ങി കാക്കത്തോട് കോളനി; ശാശ്വത പരിഹാരമില്ലാതെ മാറില്ലെന്ന് കോളനിവാസികള്‍

Published : Aug 10, 2018, 10:22 AM IST
മുങ്ങാനൊരുങ്ങി കാക്കത്തോട് കോളനി; ശാശ്വത പരിഹാരമില്ലാതെ മാറില്ലെന്ന് കോളനിവാസികള്‍

Synopsis

28 വര്‍ഷമായി പുനരധിവസം നടപ്പാക്കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ തങ്ങളെ പറ്റിക്കുകയാണ്.  9 വര്‍ഷമായി ഇതിനായി സമരം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും വാഗ്ദാനം മാത്രമാണ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.  വീട് മുങ്ങിയാലും തങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാര കാണാതെ പുനരധിവാസ ക്യാമ്പിലേക്ക് മാറില്ലെന്ന നിലപാടിലാണ് കോളനിക്കാര്‍.

വയനാട്:  ഒരുവശത്ത് കാക്കത്തോട്, മറുവശത്ത് കല്ലൂര്‍ പുഴ. തോടും പുഴയും കരകവിഞ്ഞു. വീടുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിട്ടും കല്ലൂര്‍ കാക്കത്തോട് കോളനിവാസികള്‍ പുനരധിവാസ ക്യാമ്പിലേക്ക് മാറാതെ സമരത്തിലാണ്. കല്ലൂര്‍-കല്ലുമുക്ക് റോഡരികിലായി ഏറെ താഴ്ച്ചയിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. 

ഓരോ മഴക്കാലത്തും മുടങ്ങാതെ നടക്കുന്ന കുടിയൊഴിപ്പിക്കല്‍ നാടകത്തിന് ഇനി നിന്നു കൊടുക്കില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. 

പുഴയുടെയും തോടിന്‍റെയും ഇടയില്‍ തുരുത്തായി മാറിയ കോളനിയിലെ ദുരിത ജീവിതത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലമേറ്റെടുത്ത് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. 19 വീടുകളിലായി 32 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കിണറുണ്ടെങ്കിലും ഇപ്പോള്‍ ഉപയോഗ ശൂന്യമാണ്. കക്കൂസ് പേരിന് പോലുമില്ല. തോടിനായി കരിങ്കല്ല് അടുക്കി ഉണ്ടാക്കിയ മതിലാണ് കോളനിയിലേക്കുള്ള വഴി. 

തോട് കരകവിഞ്ഞതോടെ പലയിടത്തും ഭിത്തി ഇടഞ്ഞു താണു. ഇത് കാരണം മുട്ടൊപ്പം വെള്ളത്തിലാണ് കോളനിക്കാരുടെ ദൈനംദിന യാത്രകള്‍. കഴിഞ്ഞ ദിവസം എം.എല്‍.എ ഐ.സി. ബാലകൃഷ്ണനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും കോളനിയിലെത്തി മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താമസക്കാര്‍ വഴങ്ങിയിട്ടില്ല. ഏറെ നേരം ഇവിടെ ചിലവഴിച്ച ഉദ്യോഗസ്ഥര്‍ അവസാനം മടങ്ങിപോകുകയായിരുന്നു.

എന്നാല്‍ ചില കുടുംബങ്ങള്‍ പഞ്ചായത്ത് മത്സ്യ-മാംസ മാര്‍ക്കറ്റിനായി ഉണ്ടാക്കിയ കെട്ടിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. ചുറ്റുമതിലുള്ള പറമ്പില്‍ ചെറിയ കുടില്‍ കെട്ടിയും കടമുറികളിലുമായാണ് കുടുംബങ്ങള്‍ കഴിയുന്നത്. പക്ഷേ ഏത് സമയത്തും ഇവിടെ നിന്നും തങ്ങളെ മാറ്റിയേക്കുമെന്ന് ഇവര്‍ പറയുന്നു. 

28 വര്‍ഷമായി തങ്ങളെ പുനരധിവസിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്ന് കോളനിവാസിയും സമരസമിതി നേതാവുമായ ബിജു പറയുന്നു. ഇക്കാരണത്താല്‍ തന്നെ 9 വര്‍ഷമായി പല വിധത്തിലുള്ള സമരത്തിലാണ് തങ്ങള്‍. തൊട്ടുസമീപത്തെ വനഭൂമി കൈയ്യേറി കുടില്‍ കെട്ടിയായിരുന്നു ആദ്യ സമരമുറ. എന്നാല്‍ സര്‍ക്കാര്‍ ഇടപ്പെട്ട് ഇവിടെ നിന്നിറക്കുകയായിരുന്നു.  ഓരോ കുടുംബങ്ങള്‍ക്കും ഉടന്‍ സ്ഥലം അനുവദിക്കുമെന്നും വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നുമൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു അന്ന് സമരഭൂമിയില്‍ നിന്ന് തങ്ങളെ കുടിയൊഴിപ്പിച്ചതെന്ന് ബിജു പറഞ്ഞു.

2011 ലായിരുന്നു ഈ സമരം. വീണ്ടും 2017 ല്‍ സമരത്തിലേക്ക് പോയെങ്കിലും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവര്‍ വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചത്രേ. കഴിഞ്ഞ വര്‍ഷം പുനരധിവാസ പാക്കേജ് നിശ്ചയിച്ച യോഗത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെയാണ് എം.എല്‍.എ അടക്കമുള്ളവര്‍ തങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെടുന്നത്. ഈ നാടകത്തിന് നിന്ന് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് ഇവിടുത്തെ കുടുംബങ്ങള്‍. ബിജു പറഞ്ഞു. അതേ സമയം സബ് കലക്ടര്‍ ഇന്നലെ തന്നെ ബിജുവിനെ ഫോണില്‍ വിളിച്ച് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കുടുംബങ്ങള്‍ ഇവിടെ തന്നെ കഴിയുകയാണ്. ശക്തമായ മഴ മേഖലയില്‍ ഇന്നും തുടരുകയാണ്. മിക്ക വീടുകള്‍ക്കും മണ്‍ചുമരുകളാണ്. വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നതിനാല്‍ ഏത് സമയവും ദുരന്തമുണ്ടായേക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ