
പെരിയ: കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും സഹോദരിമാര്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം. കൃപേഷിന്‍റെ സഹോദരി കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ചപ്പോള്‍ ശരത്‍ലാലിന്‍റെ സഹോദരി പി കെ അമൃത കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം കോം പരീക്ഷയില്‍ 78 ശതമാനം മാര്‍ക്ക് സ്വന്തമാക്കി. കൃഷ്ണപ്രിയയ്ക്ക് മലയാളത്തിന് എ പ്ലസും മറ്റ് വിഷയങ്ങള്‍ക്ക് എ ഗ്രേഡും ലഭിച്ചു. പെരിയ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് കൃഷ്ണപ്രിയ പ്ലസ് ടുവിന് പഠിച്ചത്. കൊമേഴ്സ് ആയിരുന്നു വിഷയം.
ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‍ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്‍ലാലിന്‍റെ മരണത്തില്‍ തകര്‍ന്നുപോയ അമൃതയെ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിച്ചത് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ്. ചേട്ടനാണ് തന്നെ പുലര്‍ച്ചെ വിളിച്ചെഴുന്നേല്‍പ്പിച്ച് പഠിപ്പിക്കുന്നതെന്ന് പറഞ്ഞ് കരഞ്ഞ അമൃത ചേട്ടന്‍റെ ആഗ്രഹം പോലെ തന്നെ മികച്ച വിജയം സ്വന്തമാക്കി.
പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച കൃഷ്ണപ്രിയ വീട്ടുകാരുടെ പിന്തുണയോടെ തീരുമാനം മാറ്റുകയായിരുന്നു. ബിരുദത്തിന് ചേരാണ് ഇനി കൃഷ്ണപ്രിയയുടെ ആഗ്രഹം. ബി എഡ് ആണ് അമൃതയുടെ ലക്ഷ്യം. ഇരുവരുടെയും പഠനച്ചെലവുകള്‍ വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തും മരുമകളും നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam