'കനിവായി' ആംബുലന്‍സ് ജീവനക്കാര്‍, ആദിവാസി യുവതിക്ക് സുരക്ഷിത പ്രസവം; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

By Web TeamFirst Published Oct 31, 2021, 11:38 AM IST
Highlights

ഹെല്‍ത്ത് നേഴ്സ് കെ.കെ സജിനിയും ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖിലും നടത്തിയ പരിശോധനയില്‍ സുനിതയുടെ ആരോഗ്യനില വഷളാണെന്ന് മനസിലാക്കി. ഉടനെ തന്നെ പ്രസവമെടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 

വയനാട്: കനിവ് 108 ആംബുലന്‍സ്(ambulance) ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ വയനാട്ടിലെ ആദിവാസി യുവതിക്ക്(tribal woman) സുരക്ഷിത പ്രസവം(delivery). സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ ഓടപ്പള്ളം നായിക്ക കോളനിയില്‍ രാജുവിന്റെ ഭാര്യ സുനിത (26) ആണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന വന്ന യുവതിയുടെ ആരോഗ്യനില വഷളായി. എന്നാല്‍ റോഡില്ലാത്തതില്‍ ആംബുലന്‍സ് എത്തിക്കാനാകാത്ത അവസ്ഥയില്‍ യുവതിയുടെ വീട്ടില്‍ തന്നെ പരിചരണം നല്‍കുകയായിരുന്നു. 

ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് കെ.കെ സജിനിയെ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സജിനി സുനിതയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കെ.ജി. എല്‍ദോയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ ബേബിയും സമയം കളയാതെ ഓടപ്പള്ളത്തേക്ക് തിരിച്ചു. 

എന്നാല്‍ കോളനിയിലേക്ക് വാഹനം പോകാത്തതിനാല്‍ ഒരു കിലോമീറ്ററോളം ആംബുലന്‍സ് സംഘം നടന്നാണ് സുനിതയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് ഹെല്‍ത്ത് നേഴ്സ് കെ.കെ സജിനിയും ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖിലും നടത്തിയ പരിശോധനയില്‍ സുനിതയുടെ ആരോഗ്യനില വഷളാണെന്ന് മനസിലാക്കി. ഉടനെ തന്നെ പ്രസവമെടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 8.45ന് അഖിലിന്റെയും സജിനിയുടെയും പരിചരണത്തില്‍ സുനിത കുഞ്ഞിന് ജന്മം നല്‍കി. 

അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോളനി നിവാസികളുടെ കൂടി സഹായത്തോടെ സ്‌ട്രെച്ചറില്‍ ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. പിന്നീട് അമ്മയെയും കുഞ്ഞിനെയും ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആംബുലന്‍സ് ജീവനക്കാരായ അഖില്‍, എല്‍ദോ, നഴ്‌സ് സജിനി എന്നിവരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

click me!