
മാനന്തവാടി: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഒടുവില്‍ കാട് കയറി. മൂന്ന് ദിവസം നീണ്ട നിന്ന പ്രദേശവാസികളുടെ ആശങ്കയാണ് ഇതോടെ ഇല്ലാതായത്. കടുവയുടെ കാല്‍പ്പാടുകളില്‍ നിന്നാണ് പാതിരി വനഭാഗത്തേക്ക് പോയതായി വനംവകുപ്പ് ഉച്ചയോടെ സ്ഥിരീകരിച്ചത്. പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉടൻ നീക്കും.
വയനാട് വൈല്‍ഡ് ലൈവിലെ 112 എന്ന അഞ്ച് വയസ്സുള്ള ആണ്‍കടുവയാണ് ഒരു പ്രദേശത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചീക്കല്ലൂർ പുളിക്കല്‍ വയലിലെ കൃഷിയിടത്തില്‍ ഒളിച്ചിരുന്ന കടുവയെ ഇന്നലെ രാത്രി പടക്കം പൊട്ടിച്ച് കാട് കയറ്റാൻ വനം വകുപ്പ് വലിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കടുവ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക വർധിപ്പിച്ചു. ഇന്ന് കടുവയെ കണ്ടത്താനുള്ള ശ്രമത്തിനിടെയാണ് വയലിലെ റോഡിലൂടെ വനഭാഗത്തേക്ക് കടന്ന് പോയതായുള്ള കാല്‍പ്പാടുകള്‍ കണ്ടത്. പ്രദേശത്ത് ഉള്ള കടുവയുടെ കാല്‍പ്പാട് തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ഒടുവിലാണ് വനംവകുപ്പ് പ്രഖ്യാപനം നടത്തിയത്
കടുവ കാട് കയറിയെങ്കിലും പ്രദേശത്തുള്ള പട്രോളിങ് തുടരും. പ്രജനനകാലം ആയതിനാലാണ് കാട് വിട്ട് കടുവ പുറത്ത് ഇറങ്ങിയതെന്നാണ് വനംവകുപ്പിന്‍റെ അനുമാനം. കടുവ ഇറങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണിയാമ്പറ്റ പനമരം പഞ്ചായത്തുകളിലെ പതിനൊന്ന് വാർഡുകളില്‍ സ്കൂളുകള്‍ക്ക് അവധിയും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കടുവയെ കാട് കയറാത്ത പക്ഷം മയക്കുവെടി വെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam