
ഇരിട്ടി: പ്ലാനും സ്‌കെച്ചും ഉണ്ടാക്കുന്നതിനായി സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പായം സ്‌പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി സുരേഷ് ബാബു കെ പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്.
പ്ലാനും സ്‌കെച്ചും ഉണ്ടാക്കുന്നതിനാണ് വില്ലേജ് ഓഫീസർ സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം സ്ഥലം ഉടമ വിജിസൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി സ്ഥലം ഉടമ ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ഓടെ, നേരത്തെ പണം കൈമാറാൻ നിശ്ചയിച്ച സ്ഥലത്തെത്തി. പിന്നാലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തി പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്‌പെക്ടർ സി ഷാജു, എസ് ഐ മാരായ എൻ കെ ഗിരീഷ്, എൻ വിജേഷ്, രാധാകൃഷ്ണൻ, എ എസ് ഐ രാജേഷ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ബിജു അഗസ്റ്റിൻ ആറുമാസം മുമ്പാണ് ഇടുക്കിയിൽ നിന്നും സ്ഥലം മാറി പായത്ത് സ്‌പെഷ്യൽ വില്ലേജ് ഓഫീസറായി ചാർജ് എടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരുന്നതായി വിജിലൻസ് സംഘം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം