
കോഴിക്കോട്: ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് അനധികൃതമായി ലോറിയിൽ കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി. ന്യൂയറിനും ക്രിസ്മസിനും വിൽപ്പന നടത്താനായി തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന 140.25 ലിറ്റർ മാഹി മദ്യമാണ് വടകരയിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. കന്യാകുമാരി സ്വദേശിയായ പുരുഷോത്തമൻ (60) എന്നയാളാണ് മദ്യ ശേഖരവുമായി പിടിയിലായത്.
ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ വടകര – മാഹി ദേശീയപാതയിൽ കെ.ടി ബസാറിൽ വെച്ച് പുലർച്ചെയാണ് പുരുഷോത്തമനെയും ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് പുരുഷോത്തമൻ പതിവായി ചരക്കുമായി എത്താറുണ്ടെന്നും, ചരക്ക് ഇറക്കി തിരിച്ച് പോകുമ്പോൾ സ്ഥിരമായി മദ്യം കടത്താറുണ്ടെന്നുംഎക്സൈസ് അറിയിച്ചു.
വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എം.പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർമാരായ ഉനൈസ്.എൻ.എം, സായിദാസ് കെ.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്.ഇ.കെ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസവും മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ച മദ്യം കോഴിക്കോട് എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 42 കുപ്പി വിദേശ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ തളിപ്പറമ്പ് സ്വദേശി മുട്ടത്തിൽ മിഥുൻ എന്നയാളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിപ്പള്ളിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 600 ഓളം ലിറ്ററോളം വിദേശ മദ്യമാണ് ഇത്തരത്തിൽ എക്സൈസ് വിവിധ കേസുകളിലായി പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.