
കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ കാപ്പ കേസ് പ്രതിയെ പൊലീസ് നാടുകടത്തി. എറണാകുളം ജില്ലയിലെ ഉദയംപേരൂർ നടക്കാവ് പത്താം മൈലിൽ പോളക്കുളം വീട്ടിൽ തങ്കച്ചനെതിരെയാണ് നടപടി. 46കാരനായ ഇയാൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയെന്ന് വിലയിരുത്തിയാണ് തങ്കച്ചനെതിരെ പൊലീസ് നാടുകടത്തൽ നടപടി സ്വീകരിച്ചത്.
നിരവധി മോഷണ കേസുകളിലും വധശ്രമ കേസിലും പ്രതിയാണ് തങ്കച്ചൻ. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്.പുട്ട വിമലാദിത്യയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തങ്കച്ചനെതിരെ കാപ്പ ചുമത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും, ഈ പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും തങ്കച്ചനെ വിലക്കി. ആറ് മാസ കാലത്തേക്കാണ് വിലക്ക്. നടപടി ലംഘിച്ചാൽ മൂന്നുവർഷം വരെയുള്ള തടവ് ശിക്ഷ ലഭിക്കും. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam