
കൊച്ചി: കൊച്ചി നഗരത്തിൽ സ്ഥിരമായി കുറ്റകൃത്യങ്ങൾ നടത്തുന്ന തിരുവനന്തപുരം സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ആറ്റിങ്ങൽ കിഴുവില്ലം കാറ്റിൻപുറം കടവയിൽ ചിറക്കകത്ത് വീട്ടിൽ ജിത്തുരാജ് (30) നെതിരായാണ് നടപടി. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരമാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും സമീപത്ത് മറ്റ് പൊലീസ് സ്റ്റേഷനുകളിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, അടിപിടി, മോഷണം, പൊലീസിനെ അക്രമിക്കുക തുടങ്ങി പല സ്ഥലങ്ങളിലായി ഏഴ് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂൺ മാസത്തിൽ കേരള ഹൈക്കോടതിക്ക് സമീപമുളള പൂട്ടിക്കിടന്ന ആതിര സിൽക്സ് എന്ന കടയിൽ കയറി മോഷണം നടത്തിയ കേസിൽ സെൻട്രൽ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിൽ റിമാൻ്റിൽ കഴിയുകയാണ് ഇയാൾ.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് പ്രതിക്കെതിരെ കാപ്പ നിയമം ചുമത്തി കേസെടുത്തത്. കാപ്പ നിയമ പ്രകാരം കൊച്ചി സിറ്റി ഡിസിപി ജുവനപ്പുടി മഹേഷ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ പ്രതിയെ കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ ഉത്തരവിറക്കിയത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ ഇന്ന് സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് അറസ്റ്റ് ചെയ്തു. പിന്നീട് കാക്കനാട് സബ് ജയിലിൽ നിന്നും ഇയാളെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി പാർപ്പിച്ചു.