
നീലേശ്വരം (കാസര്‍കോട്) : കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനടിയില്‍പ്പെട്ട നാല് നായകളെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചെലവഴിച്ചത് ആറ് മണിക്കൂര്‍. ഒടുവില്‍ ശ്രമമുപേക്ഷിച്ച് ഫയര്‍ഫോഴ്സ് പിന്മാറിയപ്പോള്‍, വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നായകള്‍ക്ക് പുനര്‍ജന്മം.
ഫയര്‍ഫോഴ്സും ജെസിബിയും നായകളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വീട്ടമ്മ ഇവരെ രക്ഷിക്കാനിറങ്ങിയത്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് നമ്പ്യാര്‍ക്കല്‍ ചേടിക്കമ്പനിക്ക് സമീപത്തെ സൂസിയുടെ നാല് നായകള്‍ക്കാണ് മരണത്തിന്‍റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സൂസിയുടെ വീടിന് പിന്‍ഭാഗത്തുള്ള പട്ടിക്കൂടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. കൂടെ കോഴിക്കൂടും മണ്ണിനടിയിലായി.
വിളിച്ച് പറഞ്ഞയുടനെ കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്സെത്തി കൂറെ മണ്ണ് നീക്കി. ഒടുവില്‍ കോഴിക്കൂട് പുറത്തെടുത്തു. കോഴികളെ ജീവനൊടെ കിട്ടി. എന്നാല്‍ മണ്ണിനടിയിലായ പട്ടിക്കൂട് പുറത്തെടുക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്സ് മടങ്ങി. പിന്നീട് ജെസിബി വിളിച്ചു. എന്നാല്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. വൈകുന്നേരമായപ്പോഴേക്കും പട്ടിക്കളെ നഷ്ടപ്പെടുമെന്ന അവസ്ഥയായി.
തുടര്‍ന്നാണ് സൂസി മണ്‍വെട്ടിയുമായി ഇറങ്ങിയത്. അമ്മ, പട്ടികളെ രക്ഷിക്കാനിറങ്ങിയതോടെ മകന്‍ നവീനും സുഹൃത്ത് അമിത്തും ഭര്‍ത്താവ് കണ്ണനും സൂസിയെ സഹായിക്കാനെത്തി. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പട്ടിക്കൂട് കണ്ടെത്തി. പതുക്കെ മണ്ണ് മാറ്റി ആദ്യത്തെ കൂട്ടിലുണ്ടായിരുന്ന മൂന്ന് പട്ടികളെ രക്ഷപ്പെടുത്തി. വീണ്ടും മണ്ണ് മാറ്റിത്തുടങ്ങിയതോടെ രണ്ടാമത്തെ പട്ടിക്കൂടും പുറത്ത് വന്നു. അതിലുണ്ടായിരുന്ന പട്ടിയെയും രക്ഷപ്പെടുത്തി.
" കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കാനായെത്തിയപ്പോള്‍ പട്ടികള്‍ മണ്‍തിട്ട നോക്കി കുരയ്ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മണ്ണിടിയുമെന്ന് അവയ്ക്ക് നേരത്തെ മനസിലായി കാണണം." സീസി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ കനത്ത മഴയാണ് ലഭിച്ചത്. മഴയെ തുടര്‍ന്ന് ഏതാണ്ട് രണ്ട് മീറ്ററോളം ഉയരത്തില്‍ നിന്ന് മണ്ണ് കൂടുകള്‍ക്ക് മേലെ വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റതോ, ഉടമസ്ഥര്‍ ഉപേക്ഷിച്ചതോ ആയ പട്ടികളെയാണ് സൂസി സംരക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam