
ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്ണുവിനെ (27) പോലീസ് കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണ സംഘം അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. പ്രതികൾ നൽകിയ മൊഴികളുടെ വൈരുദ്ധ്യവും തുടർച്ചയായ മൊഴിമാറ്റങ്ങളും അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കുന്നതിനായി മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യലിലേയ്ക്ക് കടക്കുകയാണ് അടുത്ത നടപടി.
അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും വിജയന്റെ മകൾക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയുമാണ് വിഷ്ണു. മുഖ്യപ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആശുപത്രിയിലായിരുന്ന വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. മുട്ടം സബ് ജയിലിൽ കഴിയുന്ന നിധീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി, ഷെൽട്ടർ ഹോമിലുള്ള വിജയന്റെ ഭാര്യ സുമയെയും കസ്റ്റഡിയിലുള്ള വിഷ്ണുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൂവരുടെയും മൊഴികളിൽ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
അഞ്ച് ദിവസത്തേക്കാണ് കട്ടപ്പന ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് അർച്ചന ജോൺ ബ്രിട്ടോ കസ്റ്റഡിയിൽ വിട്ടത്. മോഷണ ശ്രമത്തിനിടയിൽ കാലിന് പരിക്കേറ്റ പ്രതി ജുഡിഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭേദമായതിന് ശേഷം പീരുമേട് സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് ആംബുലൻസിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam