ഇടുക്കി: ഇടുക്കി കട്ടപ്പന വെള്ളയാം കുടിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് ട്രാൻസ്ഫോർമറിന്‍റെ വേലിക്കെട്ടിനുള്ളിൽ പതിച്ച സംഭവം മത്സരയോട്ടത്തിനിടെയെന്ന് സംശയം. ഇത് സ്ഥിരീകരിക്കാൻ ഒപ്പമെത്തിയ ബൈക്കുകൾ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് പൊലീസിന് കത്ത് നൽകി. അഞ്ച് ബൈക്കുകളിലുണ്ടായിരുന്നവർ മത്സരയോട്ടം നടത്തി എന്നാണ് സംശയമുയർന്നിരിക്കുന്നത്.
ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു പ്രസാദിന്‍റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ആർടിഒ പി എ നസീർ പറഞ്ഞു. ഇതോടെ, വിഷ്ണുവിനൊപ്പം പ്രദേശത്ത് എത്തിയ സുഹൃത്തുക്കളും കുരുക്കിലാവുകയാണ്.
അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയർന്ന് പൊങ്ങി ട്രാൻസ്ഫോർമറിന്‍റെ വേലിക്കെട്ടിനുള്ളിൽ പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കട്ടപ്പന വലിയ കണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് വണ്ടിയോടിച്ചിരുന്നത്. ഇയാൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ഹംപ് പോലെയുള്ള എന്തോ തടസ്സത്തിൽത്തട്ടി മറിഞ്ഞ് ഉയർന്ന് പൊങ്ങി ബൈക്കിലിരുന്ന വിഷ്ണുപ്രസാദ് ഒരു വശത്തേക്ക് പറന്ന് വീഴുന്നതും ബൈക്ക് ട്രാൻസ്ഫോമറിനുള്ളിലേക്ക് വീഴുന്നതും കാണാമായിരുന്നു. ഞെട്ടിക്കുന്ന ദൃശ്യത്തിനൊടുവിൽ കാര്യമായ പരിക്കില്ലാതെ വിഷ്ണു പ്രസാദ് എഴുന്നേറ്റ് വരുന്നത് കാണുമ്പോഴായിരുന്നു ഒരാശ്വാസം. ആളുകൾ ദൃശ്യം കണ്ട് ഇവിടേക്ക് ഓടിയെത്തുന്നതും കാണാമായിരുന്നു.
കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ട വിഷ്ണുപ്രസാദ് പിന്നാലെ എത്തിയ സുഹൃത്തിന്‍റെ ബൈക്കിൽ കയറിയാണ് സ്ഥലത്ത് നിന്ന് പോകുന്നത്. ഇതാണ് ഇവർ സുഹൃത്തുക്കളെല്ലാം ചേർന്ന് ബൈക്കിൽ മത്സരയോട്ടം നടത്തിയതാണെന്ന സംശയം ജനിപ്പിച്ചിരിക്കുന്നത്.
അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചാണ് അപകടം ഒഴിവാക്കിയത്. പോലീസും അഗ്നിരക്ഷാ സേനയുമെത്തി ജെ.സി.ബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിന്‍റെ ദൃശ്യം:
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam