
കായംകുളം: കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എൻ പി എസ് എൽ പി എസ് സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു. ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ ആളിയാണ് അപകടം. കുട്ടികൾക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോഴാണ് തീ ആളി പടർന്നത്. പെട്ടെന്ന് തന്നെ കായംകുളം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. സ്കൂൾ കെട്ടിടത്തിന് 20 മീറ്റർ മാറിയാണ് പാചക പുര ഉണ്ടായിരുന്നത്. ഇതുമൂലം വലിയ ദുരന്തം ഒഴിവായി.
ടോൾ പ്ലാസ ജീവനക്കാരനെ കാറിനൊപ്പം വലിച്ചിഴച്ച് അപായപ്പെടുത്താൻ ശ്രമം
കൊല്ലത്ത് ടോൾ പ്ലാസയിലെ ജീവനക്കാരന് കാറിലെത്തിയ യാത്രക്കാരുടെ മർദ്ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ പോകാനുള്ള കാർ യാത്രക്കാരുടെ ശ്രമം ചോദ്യം ചെയ്തതിനാണ് അരുണിന് മർദ്ദനമേറ്റത്. അരുണിനെ കാറിൽ പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. പിടിവിട്ട് നിലത്തുവീണ അരുണിന്റെ കാറിന് അടിയിൽ പെടാതെ രക്ഷപ്പെട്ടു. അരുണിനെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.
പാലക്കാട് 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 10 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ചു കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി, കണ്ണൂർ സ്വദേശികൾ ആണ് പിടിയിൽ ആയത്. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലയാവർ. ഇടുക്കി സ്വദേശി അനീഷ് കുര്യൻ, കണ്ണൂർ കേളകം സ്വദേശി ആൽബിൻ എന്നിവരാണ് ആണ് ഹാഷിഷ് കടത്തിയത്. പ്ലാറ്റ് ഫോമിൽ വച്ചാണ് ഇരുവരും പിടിയിൽ ആയത്. വിശാഖപട്ടണത്തു നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് ഇവിടെ നിന്ന് വിമാനത്തിൽ മലേഷ്യയിലേക്കും മാലിദ്വീപിലേക്കും സിങ്കപ്പൂരിലേക്കും കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ആർ പി എഫ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.