പൊലീസാകാനായി പകല്‍ മീന്‍ വില്‍പന, രാത്രി പഠനം; അഭിജിത്തിനെ ഡിജിപി 'വിളിച്ചുവരുത്തി'

By Web TeamFirst Published Jul 14, 2021, 9:17 PM IST
Highlights

നന്നായി പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച ഡിജിപി കുട്ടിക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചു. പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പൊലീസ് ആസ്ഥാനത്തെത്തിയത്.
 

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന അഭിജിത്തിന്റെ ആഗ്രഹത്തിനൊപ്പം നിന്ന് പൊലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണലൈന്‍ നല്‍കിയിരുന്നു. പൊലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.

തിരുവല്ലം പുഞ്ചക്കരി തമ്പുരാന്‍മുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലര്‍ച്ചെ നാലുമണിക്ക് മീന്‍ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്. വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും. വീടുകളില്‍ മീന്‍ ആവശ്യമുണ്ടോ എന്ന് തിരക്കും. മീന്‍കുട്ട സൈക്കിളിന് പുറകില്‍ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേ്ക്ക്. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ രാത്രിയില്‍ ഓണ്‍ലൈന്‍ ക്ലാസ്. ഇതാണ് അഭിജിത്തിന്റെ ദിനചര്യ.

നന്നായി പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച ഡിജിപി കുട്ടിക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചു. പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പൊലീസ് ആസ്ഥാനത്തെത്തിയത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!