
ആലപ്പുഴ: ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു. റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ജിനീഷ് എന്ന യുവാവിന്‍റെ ടെസ്റ്റ് നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു.
ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ആർ തമ്പി യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് ബസ്സിൽ നിന്ന് ഇറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ട്രാക്കിൽ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ ഇടിച്ച് മരണപ്പെട്ടു എന്നതാണ്. രക്ഷപ്പെടാനായി ട്രാക്കിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന ഒരു തൊഴിലാളിയെ കാണാതായിട്ടുമുണ്ട്. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തി. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. ലക്ഷ്മണനുവേണ്ടിയാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നൽകിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് പാളത്തിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്. ഇതിൽ ആറു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ട്രെയിൻ തട്ടിയ നാലുപേരും മരിച്ചുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരമെങ്കിലും മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്താനായതെന്നും ഒരാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം