
തൃശൂർ: കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സേതുമാധവൻ സ്കൂൾ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോൾ വിളിച്ച് അഭിനന്ദിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒരു വാക്ക് നൽകിയിരുന്നു. ഇനി തൃശൂരിൽ വരുമ്പോൾ നേരിൽ കാണാം എന്നതായിരുന്നു ആ വാക്ക്. ചൊവ്വാഴ്ച മന്ത്രി വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂർ ജില്ലകൾ സന്ദർശിക്കുകയുണ്ടായി. തിരക്കുകൾക്കിടയിലും സേതുമാധവനെയും ജയിപ്പിച്ച കൂട്ടുകാരെയും കാണാൻ മന്ത്രി നേരിട്ട് സ്കൂളിൽ എത്തി. ചേലക്കര എം എൽ എ യും മന്ത്രിയുമായ കെ രാധാകൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു.
ആരവങ്ങളോടെയാണ് വിദ്യാർത്ഥികൾ മന്ത്രിമാരെ വരവേറ്റത്. ചെറിയൊരു ചടങ്ങും സ്കൂൾ സംഘടിപ്പിച്ചിരുന്നു. സദസിൽ ഇരുന്ന സേതുമാധവനെ മന്ത്രിമാർ വേദിയിൽ കൊണ്ടുവന്നിരുത്തി. ഭാവിയിൽ ആരാകണം എന്ന മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യത്തിന് ഒരു സൈനികൻ ആകണം എന്നായിരുന്നു സേതുമാധവന്റെ ഉത്തരം. സേതുമാധവനെ വേദിയിൽ ആദരിച്ചാണ് മന്ത്രിമാർ മടങ്ങിയത്.
സ്കൂൾ ലീഡര്‍ തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ 45 വോട്ട് നേടിയ സേതുമാധവന്‍റെ വിജയാഹ്ളാദ നിമിഷങ്ങൾ അടങ്ങിയ വീഡിയോ മന്ത്രി വി ശിവൻകുട്ടി നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നാലെ വീഡിയോ കോളിൽ വിളിച്ച് മന്ത്രി സേതുമാധവനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണൻ സേതുമാധവനെ സ്കൂളിൽ എത്തിക്കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ മന്ത്രി കെ രാധാകൃഷ്ണനെയും കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്കൂളിൽ നേരിട്ടെത്തി അഭിനന്ദങ്ങൾ അറിയിച്ചത്. കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലായിരുന്നു അനുമോദിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam