ആകെയുള്ള കൂരയും പ്രളയത്തില്‍ തകര്‍ന്നു: സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി അനീഷിന്‍റെ വീടെന്ന സ്വപ്നം

By Web TeamFirst Published Aug 22, 2019, 9:31 PM IST
Highlights

നാളുകളായി വാടക വീട്ടില്‍ കഴിയുന്ന അനീഷും കുടുംബവും സാമ്പത്തിക പരാധീനതമൂലം അവസാനം സ്വന്തമായുള്ള സ്ഥലത്ത് കൊച്ചു കൂരയുണ്ടാക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് ലോണെടുത്ത് കെട്ടിയുണ്ടാക്കിയ  കൂര ഇത്തവണത്തെ പ്രളയത്തില്‍ പാതിമുങ്ങി.

തൃശൂര്‍: കഴിഞ്ഞ മഴയിലും പ്രളയത്തിലും ആകെ ഉണ്ടായിരുന്ന കൂരയും തകര്‍ന്നു, വീട് വയ്ക്കാന്‍ ലോണ്‍ പാസായിട്ടും സാങ്കേതിക തടസങ്ങളില്‍ കുടുങ്ങി സുരക്ഷിതമായി കിടക്കാനൊരിടം എന്ന സ്വപ്നത്തിന് ഏറെ അകലെ നില്‍ക്കുകയാണ് അനീഷും കുടുംബവും. അന്തിക്കാട് കല്ലിടവഴിയിലെ തുപ്രാട്ട് അനീഷിനാണ് വീട് വയ്ക്കാനുള്ള തുക പാസായിട്ടും സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി പണം ലഭിക്കാത്തത്. പലവട്ടം ഗ്രാമസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും നിര്‍ധനരായ ഇവരോട് അധികൃതര്‍ കനിഞ്ഞില്ല. 

അനീഷിന് ശേഷം അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും ഇന്ന് വീടായി. നാളുകളായി വാടക വീട്ടില്‍ കഴിയുന്ന അനീഷും കുടുംബവും സാമ്പത്തിക പരാധീനതമൂലം അവസാനം സ്വന്തമായുള്ള സ്ഥലത്ത് കൊച്ചു കൂരയുണ്ടാക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് ലോണെടുത്ത് കെട്ടിയുണ്ടാക്കിയ  കൂര ഇത്തവണത്തെ പ്രളയത്തില്‍ പാതിമുങ്ങി. മൂന്നടിയിലേറെയായിരുന്നു വീടിനകത്തെ വെള്ളം. മഴയില്‍ വീട് മുങ്ങിയപ്പോള്‍  അനീഷും ഭാര്യ രജിതയും എട്ടുവയസുകാരിയായ മകള്‍ നൈനികയും അടങ്ങുന്ന കുടുംബം അടുത്തള്ള അങ്കണവാടിയിലെ ക്യാംപിലായിരുന്നു താമസിച്ചിരുന്നത്. 

ക്യാംപ് അവസാനിച്ചതോടെ വെള്ളത്തില്‍ കുതിര്‍ന്ന ഓലക്കുടിലിലേക്ക് ഈ കുടുംബം തിരികെയെത്തി.വെള്ളം കോരിക്കളഞ്ഞ് വൃത്തിയാക്കി വീടിന്റെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഇവിടെത്തന്നെ തലചായ്ക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോള്‍. നിര്‍മ്മാണ തൊഴിലാളിയായ അനീഷ് ഒരുമാസത്തിലേറെയായി പണിയില്ലാതിരിക്കുകയാണ്. മാങ്ങാട്ടുകര എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് നൈനിക.  

കഴിഞ്ഞ പ്രളയത്തില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വെള്ളം കയറി വീട്ടുപകരണങ്ങളെല്ലാം നഷ്ടമായിരുന്നു. അതില്‍ നിന്നും കരകയറി കെട്ടിയുണ്ടാക്കിയ കൂരയാണിപ്പോള്‍ പാതിതകര്‍ന്നിരിക്കുന്നത്.  അടുത്ത മഴക്കാലത്തിനുമുമ്പെങ്കിലും സുരക്ഷിതമായി കിടക്കാന്‍ വീടൊരുക്കാനായി ജനപ്രതിനിധികളെ മാറിമാറി കണ്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഈ കൊച്ചുകുടുംബം.


 

click me!