മണ്ണിടിച്ചിലില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട പുത്തുമലക്കാര്‍ക്ക് വേഗത്തില്‍ ഭൂമി നല്‍കും

By Web TeamFirst Published Aug 14, 2019, 11:45 PM IST
Highlights

വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം എത്രയെന്ന് നിശ്ചയിക്കുന്നതിനായി കരട് രൂപരേഖ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്

കല്‍പ്പറ്റ: പുത്തുമല മണ്ണിടിച്ചിലില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടാഴ്ച്ചക്കകം ഭൂമി കണ്ടെത്തുമെന്ന് അധികൃതര്‍.  ദുരന്ത ഭീഷണിയില്ലാത്ത വാസയോഗ്യമായ ഭൂമി കണ്ടെത്തുകയെന്നത് വെല്ലുവിളിയാണെങ്കിലും അതിനുള്ള ശ്രമം തുടങ്ങിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തിന്റെ പരിശോധനയിലൂടെ സ്ഥിരസുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

വലിയ ദുരന്തത്തില്‍ 53 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 24 വീടുകളാകട്ടെ അപകടാവസ്ഥയിലുമാണ്.  ഈ വീടുകളിലുള്ളവരെ കഴിയുന്നത്ര വേഗത്തില്‍ പുനരധിവിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി വേഗത്തിലാക്കണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ യു വി ജോസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം എത്രയെന്ന് നിശ്ചയിക്കുന്നതിനായി കരട് രൂപരേഖ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ റീബില്‍ഡ് ആപ്പ് വഴി നഷ്ടപരിഹാരം നിശ്ചയിച്ചതിലുണ്ടായ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി വേണു സ്‌പെഷ്യല്‍ ഓഫീസര്‍ യു വി ജോസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

click me!