
തിരുവനന്തപുരം: അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ അനുവദിച്ച 170 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 100 കേന്ദ്രങ്ങലും 14 ജില്ലാ ആശുപത്രികളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതാണ് മറ്റുള്ള ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിലൂടെ ശ്വാസകോശ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക സി.ഒ.പി.ഡി. ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ശ്വാസകോശ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ആരോഗ്യ വകുപ്പ് സമഗ്രമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിലൂടെ ആരോഗ്യ രംഗം മുന്നിലെത്തിയെങ്കിലും ജീവതി ശൈലീ രോഗങ്ങളും പകര്‍ച്ച വ്യാധികളും നിയന്ത്രിക്കേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങളെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതോടൊപ്പം പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രതയും പുരോഗമിക്കുന്നു.
സി.ഒ.പി.ഡി. രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് മാതൃക ശ്വാസകോശ പുനരധിവാസ കേന്ദ്രം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ തുടങ്ങിയത്. ഇത്തരം സജീവ ഇടപെടലുകളിലൂടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അറുതി വരുത്താനാകും. അന്തരീക്ഷ മലിനീകരണത്തിലൂടെയും ഭക്ഷണ രീതിയിലൂടെയുമാണ് സി.ഒ.പി.ഡി. പ്രധാനമായും ഉണ്ടാകുന്നത്. ശ്വാസകോശ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു മാറാരോഗമാണ് സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease). ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 210 ദശലക്ഷം പേര്‍ ഈ രോഗം ഉള്ളവരാണ്. നേരത്തേയുമല്ല വൈകിയുമില്ല കരുതിയിരിക്കൂ ശ്വാസകോശ രോഗങ്ങള്‍ക്കെതിരെ എന്നതാണ് ഈ വര്‍ഷത്തെ സി.ഒ.പി.ഡി. ദിനാചരണ സന്ദേശം.
സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഭാരതീയ ചികിത്സ വകുപ്പ് പ്രതിനിധി ഡോ. ജയന്‍, കൗണ്‍സിലര്‍ സിനി വി.ആര്‍, എന്‍.സി.ഡി. കണ്‍ട്രോള്‍ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam