kerala rains| കനത്ത മഴ, അപകട സാധ്യത; കൊല്ലത്ത് സ്കൂളുകള്‍ക്ക് അവധി

By Web TeamFirst Published Nov 13, 2021, 10:59 PM IST
Highlights

 ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും  മരങ്ങൾ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

കൊല്ലം: കനത്ത മഴ (heavy rain) തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് (kollam) സ്കൂളുകൾക്ക് അവധി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് അച്ചൻകോവിൽ കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും  മരങ്ങൾ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്ന് റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടയിരിക്കും. എന്നാൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഐഎംഡിക്ക് പുറമെ മറ്റ് കാലാവസ്‌ഥാ ഏജൻസികളുടെ കൂടെ മുന്നറിയിപ്പുകൾ കണക്കിലെടുത്താണ് നിർദേശം. 

നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.  മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്ത് പ്രവേശിക്കും. 

ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ അധികൃതരും പൊതുജനങ്ങളും സ്വീകരിക്കണം. അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടിവരും. 

click me!