'മാരക മാ‍ർക്കറ്റിംഗ് ടെക്നിക്', കേരളത്തിൽ നിന്ന് മടങ്ങേണ്ടന്ന് എഫ് 35 ബി, വൈറലായി പരസ്യം

Published : Jul 02, 2025, 02:39 PM IST
f 35 b

Synopsis

കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ പരസ്യം

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം അടിയന്തിരമായി ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് വിനോദ സഞ്ചാര പരസ്യവുമായി സർക്കാർ. കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ പരസ്യം. വീണിടം വിദ്യയാക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജിയെന്ന പേരിലാണ് പരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ പരസ്യത്തെ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. ബ്രിട്ടീഷി യുദ്ധ വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് ചാരപ്രവ‍ർത്തനത്തിന് അടക്കമാണെന്ന് ഊഹാപോഹങ്ങൾക്കിടയിലാണ് പരസ്യം വൈറലാവുന്നത്.

രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസർവ് പൈലറ്റ് കഴിഞ്ഞ ദിവസം തിരികെ പോയിരുന്നു. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തകരാർ പരിഹരിക്കാനായി യുദ്ധക്കപ്പലിൽ നിന്നെത്തിയ വിദഗ്ധരും പൈലറ്റും നേരത്തെ തിരിച്ചുപോയിരുന്നു. അമേരിക്കൻ നിർമിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗർ സ്ഥലം അനുവദിക്കാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി നേരത്തെ നിരസിച്ചതെന്നാണ് നേരത്തെ പേരുവെളിപ്പെടുത്താത്ത വൃത്തങ്ങൾ പ്രതികരിച്ചത്. രണ്ടാഴ്ച മുൻപാണ് എഫ് 35-ബി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.

എഫ്-35 പോലെ അഞ്ചാം തലമുറയിൽപ്പെട്ട വിലയേറിയ യുദ്ധവിമാനം ഇത്തരത്തിൽ നിലത്തിറക്കുന്നത് അസാധാരണമായ സംഭവമാണ്. F-35B വേരിയന്റ് ഹ്രസ്വ ടേക്ക്-ഓഫിനും ലംബ ലാൻഡിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാറ്റപ്പൾട്ട് സംവിധാനങ്ങളില്ലാതെ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കും. ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ F-35 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. ലോക്ക്ഹീഡ് മാർട്ടിന്റെ F-35 ലൈറ്റ്നിംഗ് II, മൂന്ന് പ്രാഥമിക വകഭേദങ്ങളിൽ വരുന്ന, അഞ്ചാം തലമുറയിലെ, സിംഗിൾ-എഞ്ചിൻ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനങ്ങളുടെ ശ്രേണിയിൽപ്പെട്ട വിമാനം, റഡാർ സംവിധാനങ്ങളെ കബളിപ്പിച്ച് ആക്രമണം നടത്താൻ സാധിക്കും. ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് എഫ്-35 വാഗ്ദാനം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്