'വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർത്തി വിളിക്കും', ഓൺലൈനായി ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നവർ സൈബർ തട്ടിപ്പിൽ ജാഗ്രത പാലിക്കുക

Published : Nov 21, 2025, 03:41 PM IST
rooms available

Synopsis

ഹോട്ടലിൽ നിന്നെന്ന വ്യാജേന ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്‍റെ രീതി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഹോട്ടലിൽ എത്തിയ ശേഷം മാത്രം പണം നൽകിയാൽ മതിയെന്നും കേരള ട്രാവൽ മാർട്ട് മുന്നറിയിപ്പ് നൽകുന്നു

കൊച്ചി: ഹോട്ടൽ റൂം ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘം. ബുക്കിങ് വെബ്സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ചോർത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഉപഭോക്താക്കളെ ബന്ധപ്പെടുന്നതാണ് ഇവരുടെ രീതി. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും ഹോട്ടലിൽ എത്തിയ ശേഷം മാത്രം പണമടച്ചാൽ മതിയെന്നും ഹോട്ടലുടമകളുടെ സംഘടനയായ കേരള ട്രാവൽ മാർട്ട് പറയുന്നു. അഗ്രിഗേറ്റർ വെബ്സൈറ്റുകൾ വഴി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവർ കരുതിയിരിക്കണമെന്നാണ് കേരള ട്രാവൽ മാർട്ടിന്‍റെ മുന്നറിയിപ്പ്. ബുക്കിങ്.കോം എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. പറ്റിക്കപ്പെടുന്നവരിൽ ഏറിയപങ്കും വിദേശ സഞ്ചാരികളാണെന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

ക്യു ആ‌‌ർ കോഡ് അയച്ച് പണം തട്ടും

ഉപഭോക്താക്കളുടെ ബുക്കിങ് വിവരങ്ങൾ മോഷ്ടിച്ച ശേഷം ഹോട്ടലിൽ നിന്നെന്ന വ്യാജേന നേരിട്ട് ബന്ധപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. തുടർന്ന് ക്യു ആ‌‌ർ കോഡ് അയച്ച് പണം അടയ്ക്കണമെന്ന് ആവശ്യപ്പെടും. മുൻകൂട്ടി ബുക്ക് ചെയ്തവരെ ഫോണിലൂടെയോ വാട്ട്സ്ആപ്പിലൂടെയോ വിളിച്ച് പണമടക്കാൻ നിർബന്ധിക്കുമെന്നാണ് കേരള ട്രാവൽ മാർട്ട് പ്രസിഡന്‍റ് ജോസ് പ്രദീപ് ചൂണ്ടികാട്ടിയത്. മുൻകൂട്ടി പണമടച്ചില്ലെങ്കിൽ ബുക്കിങ് കാൻസൽ ആകുമെന്ന് ഭീഷണിപ്പെടുത്തു. പണം അടച്ചാൽ കൂടുതൽ സൗകര്യങ്ങളുള്ള മുറി തരാമെന്ന വാഗ്ദാനമടക്കം നൽകിയാണ് തട്ടിപ്പ് നടത്തുന്നതെന്നും കേരള ട്രാവൽ മാർട്ട് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

പരാതിയിൽ കാര്യമുണ്ടായില്ല

പരാതി അറിയിക്കാൻ ബുക്കിങ്.കോമുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇത്തരം മെയിലുകൾ, ഫോൺകോളുകൾ തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കുക മാത്രമാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി. ഹോട്ടലിൽ എത്തിയിട്ടോ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട ശേഷമോ മാത്രം പണമടയ്ക്കണമെന്നും കേരള ട്രാവൽ മാർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ