
തിരുവനന്തപുരം: കേരളീയം 2023 ന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ യൂസഫലി, രവി പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് അഞ്ച് വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
മലയാളികളുടെ ഈ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതീയതയുടേയും ജന്മിത്വത്തിന്റെയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. കേരളീയത്തിന്റെ ഭാഗമാകുവാന്‍ ഏവരെയും തിരുവനന്തപുരത്തേക്ക് സ്വാഗതം ചെയ്യുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ റെഡ് സോണ്‍: വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ ഗതാഗതനിയന്ത്രണം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam