കെവിൻ വധക്കേസ്; പ്രാഥമികവാദം ഈ മാസം 7ന് തുടങ്ങും.

By Web TeamFirst Published Feb 1, 2019, 10:14 PM IST
Highlights

കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്.  ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗം തീർപ്പാക്കാൻ കോടതി തീരുമാനിച്ചിരുന്നു

കോട്ടയം: കെവിൻ വധക്കേസിൽ ഈ മാസം 7-ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എല്ലാ പ്രതികളും അന്ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റം ചുമത്തുന്നതിന് മുൻപുള്ള വാദമാണ് നടക്കുക. 

ദുരഭിമാനക്കൊലയായി കണക്കാക്കി കേസിൽ വേഗം വാദം കേൾക്കണമെന്ന പ്രോസിക്യൂഷന്‍റെ അഭ്യർത്ഥന കോടതി അംഗീകരിച്ചിരുന്നു.  കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച മറ്റ് രേഖകൾ വേണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യത്തെ തുടർന്നാണ് വിചാരണ നീണ്ടുപോയത്. ഏഴിന് പുതിയ ജഡ്ജി ചുമതലയേൽക്കുന്നതിനാൽ കേസ് പിറ്റേന്നത്തേക്ക് മാറ്റിവെക്കാൻ സാധ്യതയുണ്ട്. കെവിന്‍റെ ഭാര്യയുടെ സഹോദരൻ ഷാനു, അച്ഛൻ ചാക്കോ എന്നിവരുൾപ്പടെ  കേസിൽ 14 പ്രതികളാണുള്ളത്.  

പ്രണയവിവാഹത്തിന്‍റെ പേരിൽ  ഭാര്യാസഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗം തീർപ്പാക്കാൻ കോടതി തീരുമാനിച്ചിരുന്നു. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു.  ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

പിന്നീട് മെയ് 27-ന്  നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

click me!