
പയ്യന്നൂർ: ലോക ഫുട്ബോളിൽ ഇന്ത്യയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന കായിക – യുവജന വകുപ്പ് നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ഫുട്ബോൾ പരിശീല പരിപാടിയായ 'കിക്കോഫ്' ആരംഭിച്ചു. 2007, 2008 വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഈ പരിശീലന പരിപാടി സംസ്ഥാനത്തെ 18 സെന്ററുകളിലാണ് തുടങ്ങിയത്.
സംസ്ഥാനത്തെ ആദ്യത്തെ സെന്ററായി പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‍കൂളിനെ തെരഞ്ഞെടുത്തത്. ലോക റാങ്കിങ്ങിൽ വളരെ പിന്നോക്കം നിൽക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശാരീരിക മികവുള്ള കുട്ടികളെ ചെറുപ്രായത്തിലേ കണ്ടെത്തി അവർക്ക് പ്രൊഫഷണൽ സമീപനത്തിലൂന്നിയ ദീർഘകാല പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പദ്ധതിയിൽ ഉൾപ്പെടാൻ താത്പര്യമുള്ള പെൺകുട്ടികൾക്ക് www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ള പ്രാഥമിക സെലക്ഷൻ ട്രയൽസ് 2019 ഫെബ്രുവരി 23 ന് രാവിലെ 7 മണിക്ക് പയ്യന്നൂർ ഗവ. ഹയർസെക്കണ്ടറി സ്‍കൂൾ ഗ്രൗണ്ടിൽ നടക്കും.
പ്രാഥമിക സെലക്ഷനിൽ നിന്ന് കണ്ടെത്തുന്ന 50 പേർക്ക് വേണ്ടി 4 ദിവസം പ്രിപ്പറേറ്ററി ക്യാമ്പ് നടത്തുന്നതും അതിനുശേഷം ഇവർക്കായി ഫൈനൽ സെലക്ഷൻ നടത്തുന്നതുമാണ്. ഫൈനൽ സെലക്ഷനിൽ കണ്ടെത്തുന്ന 25 പേരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. തെരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പരിശീലനം, ലഘുഭക്ഷണം, സ്പോർട്‍സ് കിറ്റ്, എന്നിവ നൽകുന്നതും ഇന്റർ സെന്‍റർ മത്സരങ്ങൾ , വിദേശ വിദഗ്ദ കോച്ചുകളുടെ സാങ്കേതിക സഹായങ്ങൾ എന്നിവ ലഭ്യമാക്കുന്നതുമാണെന്ന് സി കൃഷ്ണൻ എം എൽ എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam