
പാലക്കുഴി. പാലക്കാട് വീട്ടിനുള്ളില്‍ നിന്ന് പിടികൂടിയത് വമ്പന്‍ രാജവെമ്പാലയെ. കിഴക്കഞ്ചേരി പാലക്കുഴി പി സി ടി യിൽ തെരേസാ മൊക്കിന് സമീപത്ത് മലയം പറമ്പിൽ ഏലിക്കുട്ടിയുടെ വീട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ കൂടി രാജവെമ്പാലയെ കണ്ടത്. വീടിന്റെ അടുക്കള ഭാഗത്താണ് ആദ്യം പാമ്പിനെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതോടെ രാജവെമ്പാല പിന്നീട് സമീപത്തെ ബാത്റൂമിൽ കയറുകയായിരുന്നു.
സമീപവാസികൾ ചേര്‍ന്ന് പാമ്പിനെ പുറത്ത് കടക്കാന്‍ സാധിക്കാത്ത വിധത്തിൽ വാതിൽ അടച്ചതിന് ശേഷം വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പ് പിടുത്തത്തിൽ വിദഗ്ധനായ കാരയങ്കാട് മുഹമ്മദലി ഉൾപ്പെടെ എത്തി പാമ്പിനെ പിടിച്ച് വനം വകുപ്പിന് കൈമാറി. ആറ് വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയാണ് പിടി കൂടിയതെന്ന് വനം വകുപ്പ് അധികൃതർ വിശദമാക്കുന്നത്. ഇതിന് മുമ്പും നിരവധി തവണ പാലക്കുഴി ഭാഗത്ത് നിന്നും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പൂഴനാട് സുനിലിന്റെ മകൻ അഭിനവാണ് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടത്. കടിച്ചത് എലിയാണെന്ന് കരുതി സംഭവം ഗൌരവമായി കരുതിയിരുന്നില്ല. സമീപത്തെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് അഭിനവിന്‍റെ ആരോഗ്യ നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാവുന്നത്. മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളിൽ അടുക്കി വച്ച തടി ഉരുപ്പടികള്‍ക്കിടയില്‍ നിന്ന് പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam