
കാസർകോട്: കാസര്‍കോട് തുടങ്ങുന്ന പുതിയ ആര്‍ടിഒ ഓഫീസ ആസ്ഥാന മന്ദിരം എവിടെ വേണമെന്നതിനെ ചൊല്ലിയുള്ള തർക്കം തീർന്നു. കെ.എൽ.79-ആർ.ടി.ഒ. ഓഫീസ് വെള്ളരിക്കുണ്ടിൽ തന്നെ സ്ഥാപിക്കും. ഒരു താലൂക്കിലെ രണ്ടു സ്ഥലങ്ങൾ തമ്മിലെ പിടിവാശി മൂലം പ്രവർത്തനം തുടങ്ങാൻ വൈകിയ കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ അനുവദിച്ച ആർ.ടി.ഒ.ഓഫീസ് വെള്ളരിക്കുണ്ടിലെ സ്വാകാര്യ വ്യകതിയുടെ കെട്ടിടത്തിൽ അടുത്തമാസം ആദ്യ വാരത്തിൽ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി.എ.കെ.ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
വെള്ളരിക്കുണ്ട് ആർ.ടി.ഒ.ഓഫീസിന്റെ പ്രവർത്തനമാണ് തർക്കത്തെ തുടർന്ന് വെള്ളരിക്കുണ്ടിൽ വേണോ അതോ പരപ്പയിൽ വേണമോ എന്ന അവകാശ തർക്കത്തെ തുടർന്ന് പ്രവർത്തനം തുടങ്ങാൻ വൈകിയത്. ഇതുമൂലം ജോയിന്റ് ആർ.ടി.ഒ.ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല. മാത്രമല്ല ജോലിചെയ്യാൻ ആസ്ഥാനം പോലും ഇല്ലാതെ പെരുവഴിയിലായ ഉദ്യോഗസ്ഥരെ കുറിച്ച് മൂന്ന് മാസംമുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ടു ചെയ്തിരുന്നു. ആസ്ഥാന തർക്കങ്ങൾ പരിഹരി ക്കപ്പെട്ടെന്നും വെള്ളരി കുണ്ടിൽ എന്നാണ് ആദ്യമേ തന്നെ ആർ.ടി.ഒ.ഓഫീസ് വരിക എന്നാണ് ജങ്ങളെ അറിയിച്ചിരുന്നത് എന്നും ഗതാഗത മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു പുതുതായി കഴിഞ്ഞ ഫെബ്രുവരി ( 9-2-2018)മാസത്തിൽ അനുവദിച്ച ആറു ആർ.ടി.ഒ.സബ്ബ്ഓഫീസിൽ ഒന്നായിരുന്നു വെള്ളരിക്കുണ്ടിലേത്. ഇതിൽ ഇരിട്ടി.കാട്ടാക്കട.തൃപ്രയാർ. പേരാമ്പ്ര, നെന്മണ്ട എന്നിവിടങ്ങളിൽ ആർ.ടി.ഒ.ഓഫീസുകൾ ഇതിനകം പ്രവർത്തനം തുടങ്ങിയെങ്കിലും വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി.ഒ.രണ്ട് സ്ഥലങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ പിടിവാശി കാരണം ഗവ.ഓർഡറിൽ തന്നെ ഒതുങ്ങുകയായിരുന്നു.
2018 ഫെബ്രുവരി മാസത്തിലാണ് വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി.ഒ.അനുവദിച്ചു കൊണ്ട് ഗവൺമെന്റ് ഓർഡർ ഇറങ്ങിയത്. ഇതിനെ തുടർന്ന് കാഞ്ഞങ്ങാട് ആർ.ടി.ഒ.മോട്ടോർ വൈഹിൽ ഇൻസ്പെക്റ്ററായിരുന്ന കെ.ഭരതനെ പ്രമോഷൻ നൽകി സർക്കാർ വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി.ഒ.ആയി നിയമിക്കുകയും ചെയ്തിരുന്നു. വൈകാതെ ഒരുവാഹനം ഉൾപ്പടെ ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ. മൂന്ന് ക്ളർക്ക്, ഒരു ടൈപ്പിസ്റ് എന്നിവരെയും വെള്ളരിക്കുണ്ട് ആർ.ടി.ഒക്കായി അനുവദിച്ചിരുന്നു.
വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി.ഒ.ഓഫീസിന്റെഇൻ ചാർജ് പദവി ലഭിച്ച കെ.ഭരതൻ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ എത്തുകയും ഓഫീസിന്റെ പ്രവർത്തനം വേഗത്തിൽ ആക്കുന്നതിനായി നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ബിരിക്കുളം പുലിയം കുളത്തുള്ള സർക്കാർ ഭൂമിയിൽ ടെസ്റ്റ് ഗ്രുണ്ടും താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ആർ.ടി.ഒ.ഓഫീസും എന്ന നിലയിലായിരുന്നു പ്രാരംഭ പ്രവർത്തനം. ഇതിനായി വെള്ളരിക്കുണ്ടിലെ സ്വാകര്യ വ്യക്തിയുടെ കെട്ടിടം ഓഫിസിനായി കണ്ടെത്തുകയും ഇതിൽ ഓഫീസ് സംവിധാനങ്ങൾക്കുള്ള ഇന്റീരിയൽ ജോലികൾ ചെയ്യാൻ ജോയിന്റ് ആർ.ടി.ഒ.ഭരതൻ നിർമ്മിതിയുമായി കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. 8-5-2018-നായിരുന്നു കരാർ ഒപ്പിട്ടത്.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വെള്ളരിക്കുണ്ട് ആർ.ടി.ഒ.ഓഫീസിന്റെ തുടർ ജോലികൾ നിർത്തിവെക്കാൻ ട്രാൻസ്‌പോർട് കംമീഷണറുടെ ഓഫീസിൽനിന്നും നിർദ്ദേശം വന്നു. ആദ്യ നിർദ്ദേശം ഫോണിൽ മാത്രമായിരുന്നുവെങ്കിലും പിന്നീട് 22-5-2018.ന് ആർ.ടി.ഒ.ഓഫീസിന്റെ പ്രവർത്തങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പാടില്ല എന്ന ഔദ്യോദിക അറിയിപ്പ് രേഖാ മൂലം വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി.ഒയ്ക്ക് ലഭിക്കുകയാരുന്നു. ഇതോടെ കെ.എൽ.79-എന്ന വെള്ളരിക്കുണ്ട് ആർ.ടി.ഒ.സബ്ബ് ഓഫീസ് ഓഡറിൽ മാത്രം ഒതുങ്ങിയപ്പോൾ ജോയിന്റ് ആർ.ടി.ഒ.അടക്കം 8-പേർക്ക് ജോലിയുമില്ലാതായി.പുതുതായി അനുവദിച്ച വെള്ളരിക്കുണ്ടിലേക്കു ജീവനക്കാരെ കൂടി നൽകിയതോടെയാണ് ഓഫീസ് പ്രവർത്തനം തുടങ്ങാത്തതിനാൽ ജോലി ചെയ്യാൻ സാധിക്കാതെ വന്നത്.
ആദ്യ നിയമനം ലഭിച്ച ജോയിന്റ് ആർ.ടി.ഒ.കെ.ഭരതന് കഴിഞ്ഞ അഞ്ചു ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ല.പിന്നീട് നിയമനം കിട്ടിയവർക്കും ഇതുതന്നെ സ്ഥിതി.ഓഫീസ് പ്രവർത്തനം തുടങ്ങി ബാർകോഡ് സിസ്റ്റം ട്രഷറി ഓഫീസർക്ക് കൈമാറത്തതിനാലാണന് ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങാൻ ഇടയായത്. കഴിഞ്ഞ യു.ഡി.എഫ്.ഭരണ കാലത്താണ് കാസർകോട് വെള്ളരിക്കുണ്ടിൽ താലൂക്ക് അനുവദിച്ചത്. താലൂക്ക് ഓഫീസിന്റെ അനുബന്ധ ഓഫീസുകളുടെ ഭാഗമായാണ് വെള്ളരിക്കുണ്ടിൽ ആർ.ടി.ഒ.സബ്ബ് ഓഫീസ് അനുവദിച്ചത്.ആദ്യം ബന്ധപ്പെട്ടവർ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിലാണ് ആർ.ടി.ഒ.ഓഫീസ് ഉചിതമെന്നു കണ്ടെത്തിയത്.
ബിരിക്കുളത്തെ സര്‍ക്കാര്‍ ഭൂമിയും ആളുകൾക്ക് എത്തിപെടുവാനുള്ള സൗകര്യവും ഇതിൽ പ്രതിപാതിച്ചിരുന്നു. സ്ഥലം സന്ദർശിച്ച അന്നത്തെ ആർ.ഡി.ഒ. പരപ്പയാണ് ആർ.ടി.ഒ.ഓഫീസിന് അനുയോജ്യമെന്ന് കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ഭാവിയിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ വരുമ്പോൾ എല്ലാം ഒറ്റകുടകീഴിൽ എന്നതിനാൽ കളക്റ്റർ ആർ.ടി.ഒ.ഓഫീസ് ആരംഭിക്കേണ്ടത് വെള്ളരിക്കുണ്ടിൽ തന്നെയാണ് എന്ന് വിലയിരുത്തി. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ടിൽ ആർ.ടി.ഒ.ഓഫീസ് അനുവദിച്ചത്.
വെള്ളരിക്കുണ്ടിൽ ആർ.ടി.ഒ.ഓഫീസ് അനുവദിച്ച് ഉദ്യോഗസ്ഥ നിയമനവും ഓഫീസിന്റെ പ്രാരംഭ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോഴാണ് ആർ.ടി.ഒ.ഓഫീസ് പരപ്പയിൽ തന്നെവേണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും കൈകോർത്തുരംഗത്ത് വന്നത്. എൽ.ഡി.എഫ്.കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മറ്റിയും പരപ്പയിൽ തന്നെ ആർ.ടി.ഒ.ഓഫീസ് വേണമെന്ന തീരുമാനം കൈകൊള്ളുകയും വെള്ളരിക്കുണ്ടിലും നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തുമെല്ലാം സംഘടിക്കുകയും ആർ.ടി.ഒ.ഓഫീസ് ഇവിടെത്തന്നെ വേണമെന്ന് വാശി പിടിക്കുകയും ചെയ്തതോടെയാണ് കെ.എൽ.79-രജിസ്‌ട്രേഷൻ കിട്ടാതെ പ്രതിസന്ധിയിലായത്.
ഇതിനിടയിൽ വെള്ളരിക്കുണ്ടിൽ ആർ.ടി.ഒ.ഓഫീസ് അനുവദിച്ച എൽ.ഡി.എഫ്.സർക്കാരിന് അഭിവാദ്യങ്ങൾ എന്നബോർഡ് വെള്ളരിക്കുണ്ടിലും പരപ്പയിൽ ആർ.ടി.ഒ.ഓഫീസ് അനുവദിച്ച എൽ.ഡി.എഫ് സർക്കാരിനും. സ്ഥലം എം.എൽ.എ.യും റവന്യൂ മന്ത്രി ചന്ദ്രശേഖരനും അഭിവാദ്യം അർപ്പിച്ച ബോർഡ് ഇരുപ്രദേശത്തെയും നാട്ടുകാർ സ്ഥാപിച്ചിരുന്നു. അഞ്ചു മാസം മുൻപ് അനുവദിക്കുകയും പിന്നീട് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്ത വെള്ളരിക്കുണ്ട് ആർ.ടി.ഒ.ഓഫീസിന്റെ ആസ്ഥാനം പരപ്പയിൽ തന്നെ വേണമെന്ന് എൽ.ഡി.എഫ് മുന്നണി വാദിച്ചപ്പോൾ വെള്ളരിക്കുണ്ടിൽ വേണമെന്ന ആവശ്യവുമായി സർവ്വകക്ഷി സംഘം രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam