ഇഴഞ്ഞ് നീണ്ട് കൊച്ചി-ധനുഷ്‌കോടി ദേശീയപാത നവീകരണം; മൂന്നാറിന് തിരിച്ചടി

By Web TeamFirst Published Sep 18, 2019, 6:18 PM IST
Highlights

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഇരുട്ടുകാനം മുതല്‍ മൂന്നാര്‍ ടൗണ്‍വരെയുള്ള ഭാഗങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 30 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നവീകരണം ഇഴയുന്നു. കോടികള്‍ മുടക്കി ആരംഭിച്ച ടൈല്‍സ് പതിപ്പിക്കല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ അധിക്യതര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളം നേരിട്ട മഹാപ്രളത്തെ തുടര്‍ന്ന് തകര്‍ന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഇരുട്ടുകാനം മുതല്‍ മൂന്നാര്‍ ടൗണ്‍വരെയുള്ള ഭാഗങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 30 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തകര്‍ന്ന സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കുന്നതിനും, റോഡിന്റെ ടാറിംങ്ങ് പൂര്‍ത്തീകരിക്കുന്നതിനും, ടൈല്‍സ് പതിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രളയാനന്തര ഫണ്ട് അനുവദിച്ചത്. 

എന്നാല്‍ പണം അനുവദിച്ചിട്ടും പണികള്‍ ആരംഭിക്കാന്‍ ദേശീയപാത അധിക്യതര്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ പ്രദേശവാസികള്‍ സമരവുമായി രംഗത്തെത്തി. ഒടുവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സബ് കരാര്‍ എറ്റെടുത്തവര്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസംവരുത്തുകയാണ്. പഴയ മൂന്നാര്‍ മുതല്‍ മൂന്നാര്‍ ടൗണ്‍വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ ടൈല്‍ പതിപ്പിക്കല്‍ മൂന്നുമാസം മുമ്പ് ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. 

പാതയോരങ്ങളില്‍ ടൈല്‍സുകള്‍ കുന്നുകൂടിക്കിടക്കുന്നത് ഗാതാഗത കുരുക്കിനും ഇടയാക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിനെ കരകയറ്റാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും വ്യാപാരികളും പരിശ്രമം നടത്തുമ്പോഴും റോഡുകളുടെ ശോചനീയവസ്ഥ മേഖലയക്ക് തിരിച്ചടിയാവുകയാണ്. സന്ദര്‍ശകരുടെ വരവ് നിലച്ചതോടെ റിസോര്‍ട്ടുകള്‍ പലതും അടച്ചുപൂട്ടല്‍ ഭീക്ഷണി നേരിട്ടുകഴിഞ്ഞു.

കൂലിനല്‍കാന്‍ പണമില്ലാതെവന്നതോടെ റിസോര്‍ട്ടുകളില്‍ നിന്നും തൊഴിലാളികളെ പലരും കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. പൂജ അവധിക്ക് മുമ്പായി റോഡുകളുടെ ശോനീയവസ്ഥ പരിഹരിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വ്യാപാരമേഖലയും സ്തംഭിക്കും. മൂന്നുകിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡിന്റെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം.


 

click me!