വീട് പണിയാനെടുത്ത ലോൺ മകളുടെ ജീവനെടുത്തു; കോളേജിൽ നിന്നെത്തിയപ്പോൾ ജപ്തി നോട്ടീസ്, അഭിരാമിക്ക് സഹിക്കാനായില്ല

By Web TeamFirst Published Sep 20, 2022, 9:49 PM IST
Highlights

കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് ( 18 ) നാടിനെ നൊമ്പരത്തിലാക്കി ആത്മഹത്യ ചെയ്തത്

കൊല്ലം: കൊല്ലത്തെ കോളേജ് വിദ്യാ‍ർഥിനി അഭിരാമിയുടെ ആത്മഹത്യയുടെ നൊമ്പരത്തിലാണ് നാട്. വീട് പണിയാനായെടുത്ത വായ്പയാണ് അഭിരാമിയുടെ ജീവനെടുത്തത്. കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ലഭിച്ച ജപ്തി നോട്ടീസ് കണ്ടതോടെയാണ് അഭിരാമി ജീവനൊടുക്കാൻ തീരുമാനിച്ചത്. ഇതിൽ മനംനൊന്ത് അഭിരാമി തൂങ്ങി മരിക്കുകയായിരുന്നു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് ( 18 ) നാടിനെ നൊമ്പരത്തിലാക്കി ആത്മഹത്യ ചെയ്തത്.

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു അഭിരാമിയുടെ ആത്മഹത്യ. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. ഇത് വലിയ മനോവിഷമമാണ് അഭിരാമിയിൽ ഉണ്ടാക്കിയത്. മനോവിഷമം സഹിക്കാനാകാതെ അവൾ തൂങ്ങി മരിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി അഭിരാമിയുടെ കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും പണം വായ്പയായി എടുത്തത്. ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയാണ് ഇവർ വായ്‌പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്.

കൊല്ലത്ത് വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

അതേസമയം അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം നാളെ രാവിലെ നടക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരം നടക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. പത്രത്തിലടക്കം പരസ്യം നൽകിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാർ പറയുന്നു. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

click me!