
കോട്ടയം: കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്‍റെ അന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും പൊലീസിന്റെ അന്വേഷണം.
പ്രതി അഖിൽ പി വർഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. നേരത്തെ ഇയാൾ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയിൽ നിന്നും 40 ലക്ഷം തട്ടിയ കേസിൽ അഖിൽ മുമ്പ് നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിൽ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തും. അതേസമയം, അഖിൽ ഇടത് യൂണിയൻ അംഗമെന്ന് കോൺഗ്രസ് ആരോപിച്ചു.
2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. വൈക്കം നഗരസഭയിലാണ് ഇപ്പോൾ അഖിൽ ജോലി ചെയ്യുന്നത്. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെട്ടിരുന്നു. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്.
പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തി. അഖിലിൻ്റെ അമ്മയുടെ പേരും പി സ്യാമള എന്നാണ്. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖിൽ സി വർഗീസ്. കൊല്ലം സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam