യേ ക്യാ ഹുവാ കോവളം? ടോയ്‍ലറ്റില്ല, വസ്ത്രം മാറാൻ ഇടമില്ല, 93 കോടിയുടെ സമഗ്ര പാക്കേജ് എങ്ങുമെത്തിയില്ല

Published : Jan 11, 2024, 03:36 PM ISTUpdated : Jan 11, 2024, 03:39 PM IST
 യേ ക്യാ ഹുവാ കോവളം? ടോയ്‍ലറ്റില്ല, വസ്ത്രം മാറാൻ ഇടമില്ല, 93 കോടിയുടെ സമഗ്ര പാക്കേജ് എങ്ങുമെത്തിയില്ല

Synopsis

ഒന്നിരിക്കാൻ ഇടമില്ല. കുടിവെള്ളമില്ല. കാറ്റിൽ പറന്നും കുന്നുകൂടിക്കിടന്നും മാലിന്യമാണെങ്കിൽ വേണ്ടുവോളമുണ്ട്. സമഗ്ര പാക്കേജും യുദ്ധകാല നടപടിയുമൊന്നും ഒരു വര്‍ഷത്തിനിപ്പുറവും കോവളത്തിന് ഒരു മാറ്റവും ഉണ്ടാക്കിയിട്ടുമില്ല.

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികൾ പലത് പ്രഖ്യാപിച്ചിട്ടും ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന കോവളത്ത് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല. ബീച്ചിന്‍റെ ദുരവസ്ഥ മുഴുവൻ പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത വാർത്ത പരമ്പരക്ക് പിന്നാലെ സ‍ർക്കാർ 93 കോടിയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. അതിന് ശേഷം ഒന്നേകാൽ വര്‍ഷം പിന്നിട്ടിട്ടും സഞ്ചാരികളുടെ പറുദീസയിൽ വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല.

'ടോയ്‍ലറ്റ് സൌകര്യമൊരുക്കും, നടപ്പാതകളില്ലാത്ത പ്രശ്നം പരിഹരിക്കും, ആംഫി തീയറ്ററൊരുക്കും'- 2022 ഫെബ്രുവരി 22ന്  കോലം കെട്ട കോവളം എന്ന 2022 ലെ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയുടെ അവസാനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയ ഉറപ്പാണിത്. 15 മാസങ്ങൾക്കിപ്പുറം വീണ്ടുമൊന്ന് കോവളത്തേക്ക് പോയപ്പോള്‍  ഒരുമാറ്റവുമില്ല. സുന്ദരമായ ബീച്ചിൽ ഇറങ്ങി ഒന്ന് നനഞ്ഞ് കയറിയാൽ വസ്ത്രം മാറാൻ ആകെയുള്ളത് രണ്ട് കുടുസ്സുമുറികൾ.

ദൈവത്തിൻറെ സ്വന്തം നാട് തേടിയെത്തുന്ന വിദേശികളൊക്കെ വന്നിറങ്ങുന്ന ഇടമാണ്. വൃത്തിയെ കുറിച്ചൊന്നും ചോദിക്കരുത്. തുണി മറച്ച് കൊണ്ട് സ്ത്രീകളടക്കം വസ്ത്രം മാറേണ്ട സ്ഥിതിയാണ്. ഇനി ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാലോ. വസ്ത്രം മാറുന്ന സ്ഥലത്തിനോട് ചേർന്ന് ആകെയുള്ളത് ഒരു ബാത്ത് റൂം. അടുത്ത ബാത്ത് റൂം പാർക്കിംഗിനോട് ചേർന്ന്. പണ്ടെങ്ങോ തകർന്ന കൈവരികള്‍  ഇപ്പോഴും പഴമയോടെ സംരക്ഷിക്കുന്നുണ്ട് അധികൃതർ. ഇനിയാണ് മറ്റൊരു കാഴ്ച. നടപ്പാതകളിലാകെ ഇടതൂർന്ന് തൂങ്ങിനിൽക്കുന്ന കേബിള്‍ വയറുകള്‍. അത്യാധുനിക ആര്‍ട് ഇൻസ്റ്റലേഷനെ ഓര്‍മ്മിപ്പിക്കും.

ചുരുക്കി പറഞ്ഞാൽ വന്നിറങ്ങുന്നവര്‍ക്ക് ഒന്നിനും ഒരു ഉറപ്പുമില്ല കോവളത്ത്. മനസമാധാനത്തോടെ നടക്കാനാകില്ല, ഒന്നിരിക്കാൻ ഇടമില്ല. കുടിവെള്ളമില്ല. കാറ്റിൽ പറന്നും കുന്നുകൂടിക്കിടന്നും മാലിന്യമാണെങ്കിൽ വേണ്ടുവോളമുണ്ട്. സമഗ്ര പാക്കേജും യുദ്ധകാല നടപടിയുമൊന്നും ഒരു വര്‍ഷത്തിനിപ്പുറവും കോവളത്തിന് ഒരു മാറ്റവും ഉണ്ടാക്കിയിട്ടുമില്ല. കോവളം അന്താരാഷ്ട്ര നിലവാരമുള്ള ബീച്ചെന്ന് അടിക്കടി ആവര്‍ത്തിക്കുന്ന മന്ത്രിയോടാണ്- അടിസ്ഥാന സൗകര്യങ്ങളെങ്കിലും കോവളത്ത് ഒരുക്കാൻ എന്താണ് തടസമെന്ന് വിദേശികളും സ്വദേശികളും ഒരുപോലെ ചോദിക്കുന്നുണ്ട്.

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ