
കോഴിക്കോട്: സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി കോഴിക്കോട് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പി ടി എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്കൂൾ വളപ്പിലാണ് അപകടമുണ്ടായത്. ബസ് പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു ഏവരെയും നടക്കുന്ന സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം തിരുവനന്തപുരം നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്കൂളിൽ വെച്ച് സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു എന്നതാണ്. കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ ( 11 ) ആണ് ഇത്തരത്തിൽ മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അശ്വിൻ മരണപ്പെട്ടത്. ഇക്കഴിഞ്ഞ മാസം 24-ന് ആണ് സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച് അശ്വിൻ അപകടത്തിലായത്.
പരീക്ഷ എഴുതിയ ശേഷം സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർഥിയാണ് കുപ്പിയിലുള്ള ശീതളപാനീയം അശ്വിന് കുടിക്കാൻ നൽകിയത്. പാനീയം കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ അശ്വിന് ദേഹാസ്വസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു. ഇവിടുന്ന് പിന്നീട് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും അശ്വിനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടുന്നാണ് വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അശ്വിനെ മാറ്റിയത്. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതോടെയാണ് കാര്യങ്ങൾ ഗുരുതരമായത്. ഇതിനിടയിൽ നടത്തിയ പരിശോധനയിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കളിയിക്കാവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഏത് വിദ്യാർഥിയാണ് അശ്വിന് ശീതള പാനീയം നൽകിയത് എന്നകാര്യം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.