സമ്പൂര്‍ണ വൈദ്യുതീകരണ ജില്ല; 5 വർഷത്തിനിടെ കോഴിക്കോട് നൽകിയത് 1,34,663 പുതിയ കണക്ഷനുകള്‍

By Web TeamFirst Published Jan 27, 2021, 9:47 PM IST
Highlights

കോഴിക്കോട് ജില്ലയില്‍ പുതുതായി വൈദ്യുതി കണക്ഷന്‍ ലഭിച്ചത്  1,34,663 ഉപഭോക്താക്കള്‍ക്ക്.

കോഴിക്കോട്: അഞ്ചുവര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയില്‍ പുതുതായി വൈദ്യുതി കണക്ഷന്‍ ലഭിച്ചത്  1,34,663 ഉപഭോക്താക്കള്‍ക്ക്.  27.55 കോടി രൂപ ചെലവിട്ടാണിത്.  75.12 കോടി രൂപ ചെലവഴിച്ച് 700.75 കിലോമീറ്റര്‍ പുതിയ 11 കെ.വി ലൈനുകളുടെ നിര്‍മാണമാണ് ഇക്കാലയളവില്‍ പൂര്‍ത്തീകരിച്ചത്. 1163.32 കിലോമീറ്റര്‍ എല്‍.ടി ലൈന്‍  (51.19 കോടി), 1005 പുതിയ വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ (43.64 കോടി)എന്നിവയും സ്ഥാപിച്ചു . ഈ പ്രവൃത്തികള്‍ക്ക് മൊത്തം 197.58 കോടി രൂപ  ചെലവഴിച്ചിട്ടുണ്ട്. 2017ല്‍ കോഴിക്കോടിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചു.

2020 ഫെബ്രുവരി മാസത്തില്‍ ജില്ലയിലെ ഉപഭോക്താക്കളുടെ  പരാതികള്‍ പരിഹരിക്കുന്നതിനായി വൈദ്യുതി അദാലത്ത് സംഘടിപ്പിച്ചു. മലയോര മേഖലയിലെ ഉപഭോക്താക്കളുടെ പ്രശ്‌നപരിഹാരത്തിനായി കൂമ്പാറയില്‍  സെക്ഷനോഫീസും തിരുവമ്പാടിയില്‍ പുതിയ സബ് ഡിവിഷനും പ്രവര്‍ത്തനം ആരംഭിച്ചു. ഫിലമെന്റ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 66051 ഉപഭോക്താക്കള്‍ക്ക് 525552 എല്‍.ഇ.ഡി ബള്‍ബുകള്‍ 2021 മാര്‍ച്ച് മാസത്തിനു മുന്‍പ് വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

110 കെ.വി കിനാലൂര്‍ സബ്‌സ്റ്റേഷന്‍, 66 കെ.വി  സൈബര്‍പാര്‍ക്ക്, 33 കെ.വി ഫറോക്ക്, 33 കെ.വി പേരാമ്പ്ര എന്നീ സബ് സ്റ്റേഷനുകളുടെ നിര്‍മാണം 28.13 കോടി ചെലവില്‍ പൂര്‍ത്തീകരിച്ചു. 34.93 കോടി രൂപയുടെ കുന്നമംഗലം 220 കെ.വി. ജി.ഐ.എസ്. പദ്ധതിയില്‍ 21.47 കോടിയുടെ പ്രവൃത്തികളും 28.49 കോടി രൂപയുടെ കുന്നമഗലം- മലയമ്മ 220/110 കെ.വി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടീ വോള്‍ട്ടേജ് ലൈനിന്റെ നിര്‍മാണ പ്രവൃത്തിയില്‍ 11.68 കോടിയുടെ പ്രവൃത്തിയും പൂര്‍ത്തിയായി. കക്കയം എസ്.എച്ച്.ഇ.പി (3 മെഗാവട്ട്) പൂര്‍ത്തീകരിച്ചു. നിര്‍മാണ ചെലവ് 38.65 കോടി രൂപ. 

ജില്ലയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജിങ്ങിനായി ഇ-വെഹിക്കിള്‍ ചാര്‍ജ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നല്ലളം സബ് സ്റ്റേഷനിലെ  ചാര്‍ജിംഗ് സ്റ്റേഷന്റെ പണി പൂര്‍ത്തീകരിച്ചു. ജില്ലയിലെ സബ്‌സ്റ്റേഷനുകളിലും ജനറേറ്റിങ് സ്റ്റേഷനുകളിലുമായി 0.90 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയം കെ.എസ്.ഇ.ബി.എല്‍ പൂര്‍ത്തീകരിച്ചു. 

ഓര്‍ക്കാട്ടേരി 220 കെ.വി സബ് സ്റ്റേഷനില്‍ 0.035 മെഗാവാട്ടിന്റെയും പൂഴിത്തോട് ജനറേഷന്‍ സ്റ്റേഷനില്‍ 0.03 മെഗാവാട്ടിന്റെയും തലക്കുളത്തൂരില്‍ 0.65 മെഗാവാട്ടിന്റെയും നല്ലളം 220 കെ.വി സബ് സ്റ്റേഷനില്‍ 0.035 മെഗാവാട്ടിന്റെയും കോഴിക്കോട് കെ.ഡി.പി.പിയില്‍ 0.035 മെഗാവാട്ടിന്റെയും കുന്ദമംഗലം 110 കെ.വി സബ് സ്റ്റേഷനില്‍ 0.02 മെഗാവാട്ടിന്റെയും ചെമ്പുക്കടവ് ജനറേഷന്‍ സ്റ്റേഷനില്‍ 0.035 മെഗാവാട്ടിന്റെയും  ഉറുമി ജനറേഷന്‍ സ്റ്റേഷനില്‍ 0.06 മെഗാവാട്ടിന്റെയും സൗരോര്‍ജ്ജ നിലയങ്ങള്‍ കെ.എസ്.ഇ.ബി.എല്‍ പൂര്‍ത്തീകരിച്ചു.

 44 സ്‌കൂളുകളിലായി 0.48 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ കമ്മിഷന്‍ ചെയ്തു. കോഴിക്കോട്  കോര്‍പ്പറേഷനില്‍ നടക്കാവ് സ്‌കൂളിലും ജി.എല്‍.പി.എസ് എരഞ്ഞിക്കലുമായി 0.025 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ കമ്മിഷന്‍ ചെയ്തു. സൗര പദ്ധതിയില്‍ ജില്ലയില്‍ 16 കിലോവാട്ടിന്റെ നാല് പുരപ്പുര സോളാര്‍ പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 1122 കിലോവാട്ടിന്റെ 60 പദ്ധതികളും പൂര്‍ത്തിയായി വരുന്നു.
 

click me!