Latest Videos

കൊവി‍ഡ് 19: ഇനിയുള്ള നാളുകളില്‍ അതീവ ജാഗ്രത വേണമെന്ന് കോഴിക്കോട് കളക്ടര്‍

By Web TeamFirst Published Mar 24, 2020, 7:13 PM IST
Highlights

സഹായ സന്നദ്ധതയുമായി മുന്നോട്ടു വന്ന സന്നദ്ധ സംഘടനകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടായി പ്രവർത്തിക്കണം. ഇത് വൈറസ് വ്യാപനം തടയാൻ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാവുന്നതാണ്.

കോഴിക്കോട്: ഇനിയുള്ള എതാനും നാളുകൾ അതീവ ജാഗ്രത ആവശ്യമുള്ള കാലമാണെന്നും ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ നിർദേശിച്ച കാലയളവ് വരെ മറ്റാരുമായും സമ്പർക്കം കൂടാതെ അവരവരുടെ വീടുകളിൽ നിർബന്ധമായും കഴിയണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തില്‍ ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്കാവശ്യമായ സഹായങ്ങൾ, പ്രത്യേകിച്ച് ഭക്ഷണ സാമഗ്രികൾ സമയബന്ധിതമായി അവരിലേക്ക് എത്തിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ തലം മുതൽ വാർഡ് തലം വരെയുള്ള ശൃംഖല ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കളക്ടര്‍ വിശദമായ ചർച്ച നടത്തി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തി.

ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്ക് ഏത് ആവശ്യത്തിനും വാർഡ്തല ആർആർടിയുമായോ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജെപിഎച്ച്എ, ജെഎച്ച്എ, വാർഡ് മെമ്പർ, ആശാവർക്കർമാർ എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്. ഇത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

സഹായ സന്നദ്ധതയുമായി മുന്നോട്ടു വന്ന സന്നദ്ധ സംഘടനകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടായി പ്രവർത്തിക്കണം. ഇത് വൈറസ് വ്യാപനം തടയാൻ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാവുന്നതാണ്. സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാവുന്നതാണെന്നും കളക്ടര്‍ വ്യക്തമാക്കി. 

രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ മെഡിക്കൽ ഓഫീസറെ/ഉദ്യോഗസ്ഥരെ അറിയിക്കണം.   മെഡിക്കൽ ഓഫീസർ നൽകുന്ന 108 ആംബുലൻസിൽ മാത്രമെ ഇവർ ആശുപത്രിയിലേക്ക് വരാൻ പാടുള്ളൂ.

click me!