പ്രളയം പ്രതീക്ഷയെ തകര്‍ക്കില്ല; വൃക്ക രോഗികള്‍ക്ക് കൈത്താങ്ങുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

By Web TeamFirst Published Oct 29, 2018, 7:14 PM IST
Highlights

വയനാട് ജില്ലയിലെ വൃക്ക രോഗികള്‍ക്ക് ഡയാലിസിസിനായി ഡയലൈസര്‍ അടക്കം പത്തിന മരുന്നുകളുള്ള 200 കിറ്റുകളാണ് ജില്ലാ പഞ്ചായത്ത് നല്‍കിയത്

കോഴിക്കോട് :  പ്രളയദുരന്തത്തില്‍ ദുരിതം നേരിടുന്ന വൃക്ക രോഗികള്‍ക്ക് സഹായം നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. വയനാട് ജില്ലയിലെ വൃക്ക രോഗികള്‍ക്ക് ഡയാലിസിസിനായി ഡയലൈസര്‍ അടക്കം പത്തിന മരുന്നുകളുള്ള 200 കിറ്റുകളാണ് ജില്ലാ പഞ്ചായത്ത് നല്‍കിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്‍റ്സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സഹായം. പത്തു ലക്ഷം രൂപയുടെ മരുന്നുകള്‍  വൈത്തിരി ഹെല്‍ത്ത് സെന്‍ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി  സി.കെ. ശശീന്ദ്രന്‍ എംഎല്‍എയ്ക്ക് കൈമാറി.

കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി അധ്യക്ഷയായി. ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  എം സെയ്തു, സ്‌നേഹസ്പര്‍ശം പ്രോഗ്രാം കണ്‍വീനര്‍ സനാത് വൈത്തിരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍  ചിത്ര കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹസ്പര്‍ശത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡയാലിസിസ് കിറ്റുകളും വൃക്ക മാറ്റിവെച്ചവര്‍ക്കുള്ള മരുന്നുമായി ജില്ലയില്‍ നിന്ന് യാത്രതിരിച്ച വാഹനം ജില്ലാ കളക്ടര്‍ യു.വി. ജോസാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

സ്‌നേഹസ്പര്‍ശം ഭാരവാഹികളായ ടി.വി. ചന്ദ്രഹാസന്‍, ടി.എം. അബുബക്കര്‍, സക്കീര്‍ കോവൂര്‍, ബ.വി. ജഹഫര്‍, സനാഥ് എടക്കര, ഇ.പി.കുഞ്ഞബ്ദുള്ള, സുബൈര്‍ മണലോടി, റിയാസ് ആല്‍ഫ, ശ്രീരാജ് എന്നിവര്‍ അടങ്ങുന്ന ടീമാണ്  ഹെല്‍പ്പിംഗ് ഹാന്‍സിന്‍റെ വാഹനത്തില്‍ മരുന്നുകള്‍ വയനാട്ടിലെത്തിച്ചത്. 

click me!