
കോഴിക്കോട്: പുതുപ്പാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വെസ്റ്റ് കൈതപ്പൊയിൽ പരേതനായ ബിച്ച്യോയിയുടെ മകൻ പുഴംകുന്നുമ്മൽ അബ്ദുൽ റഷീദ് ( 40 ) ആണ് അൽ ഖർജിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മാതാവ് : പാത്തുമ്മ, ഭാര്യ : ജംഷീന, രണ്ടു കുട്ടികളുണ്ട്.
കുഴഞ്ഞുവീണു മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അതേസമയം ഗൾഫിൽ നിന്നുള്ള മറ്റൊരു വാർത്ത ജോലിക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ട കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ ( 59 ) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു എന്നതാണ്. റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്തു വരികയായിരുന്ന അജയന്‍. പെരുന്നാള്‍ അവധി ദിനത്തില്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്ണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്ണ്യ വിഭാഗവും നേതൃത്വം നല്‍കി. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹത്തോടൊപ്പം മകന്‍ അജേഷ് അനുഗമിച്ചു.
വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അതേസമയം ഗൾഫിൽ നിന്നുള്ള മറ്റൊരു വാർത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു എന്നതാണ്. കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തന്‍വീട്ടില്‍ ശിഹാബുദ്ദീന്റെ ( 58 ) മൃതദേഹമാണ് റിയാദില്‍ നിന്ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. 22 വര്‍ഷമായി റിയാദില്‍ അമ്മാരിയായിലെ ഫാം ഹൗസില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്കി. ഭാര്യ സഹോദരനും ജീവകാരുണ്യ കമ്മറ്റി അംഗവുമായ നിസാറുദ്ധീന്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam