ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയില്‍

By Web TeamFirst Published Sep 25, 2019, 10:24 PM IST
Highlights

കോഴിക്കോട് നഗരമധ്യത്തിലെ സരോവരം ബയോപാര്‍ക്കില്‍ വച്ച് മയക്കുമരുന്നു നല്‍കി പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മതപരിവരത്തനത്തിന് ശ്രമിച്ചുവെന്നാണ് കേസ്. 

കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചശേഷം മതപരിവർത്തനത്തിന് നിർബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂർ സ്വദേശി കുറ്റിക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിം (19) ആണ് കോഴിക്കോട് മെഡിക്കൽ കോളെജ് സിഐ മൂസ വള്ളിക്കാടനു മുൻപാകെ കീഴടങ്ങിയത്.

ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയ പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  പെൺകുട്ടിയുടെ പരാതിയിൽ ഐപിസി 376 വകുപ്പുപ്രകാരം പീഡനം, ആതിക്രമം, വധഭീഷണി എന്നിവക്കെതിരായ വകുപ്പുകൾ പ്രകാരമാണ് ജാസിമിനെതിരേ കേസെടുത്തത്. കോഴിക്കോട് സരോവരം ബയോപാർക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പ്രതിക്ക് 19 വയസ് മാത്രമേ ഉള്ളൂവെന്നതിനാൽ പൊലീസ് കസ്റ്റഡിയിൽ വിടുകയോ റിമാൻഡ് ചെയ്യുകയോ അരുതെന്ന പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അശോക് മേനോൻ കഴിഞ്ഞദിവസം തള്ളിയിരുന്നു. പെൺകുട്ടി പരാതി നൽകുകയും മജിസ്ട്രേട്ടിനു മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരേ പ്രതിഷേധം ഉയർന്നിരുന്നു. 

കഴിഞ്ഞ ജൂലൈ എഴിനാണ് സരോവരം ബയോപാര്‍ക്കില്‍ വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങളുപയോഗിച്ച്  ഭീക്ഷണിപ്പെടുത്തി മതം മാറ്റത്തിന് പ്രതി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടിയുടെ പിതാവ് നടക്കാവ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയത്. 

ജാസിമിന് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് പൊലീസ് ഒത്താശചെയ്യുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. കോഴിക്കോട് നഗരമധ്യത്തിലെ സരോവരം ബയോപാര്‍ക്കില്‍ വച്ച് മയക്കുമരുന്നു നല്‍കി പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മതപരിവരത്തനത്തിന് ശ്രമിച്ചുവെന്നാണ് കേസ്. മതപരിവർത്തനത്തിന് നിർബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ എൻഐഎയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങിയതോടെ സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എഡിജിപി വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

click me!