
"കറന്‍റ് ബില്ല് അടയ്ക്കാന്‍ വന്നതാണേ. എന്‍റേം എന്‍റെ വാര്‍ഡിലെ കുറച്ചു പേരുടേയുമുള്ളൂ. 9 പേരുടെ ബില്ലേ ഉള്ളൂ. ചില്ലറയാണേ"- വിനയത്തോടെയുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ അറിഞ്ഞുകാണില്ല ഒന്നൊന്നര 'ചില്ലറപ്പണി'യാണ് വരാന്‍ പോകുന്നതെന്ന്. ഉച്ചയായി, വൈകുന്നേരമായി, രാത്രിയായി... എണ്ണിയെണ്ണി കെഎസ്ഇബി ജീവനക്കാരുടെ കൈ കുഴഞ്ഞു.
കൊല്ലത്തെ തലവൂര്‍ പഞ്ചായത്ത് അംഗമായ സി രഞ്ജിത്താണ് അടിക്കടി ഉണ്ടാവുന്ന വൈദ്യുതി മുടക്കത്തിനും വൈദ്യുതി ചാർജ് വർധനയ്ക്കുമെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. ഒരു ദിവസം മുഴുവന്‍ ഇരുന്നാണ് ജീവനക്കാര്‍ നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.
"വര്‍ഷങ്ങളായി കെഎസ്ഇബി നമുക്ക് പണി തരുന്നതാണ്. അതുകൊണ്ട് അവര്‍ക്ക് രാത്രി വരെയുള്ള ഒരു ചെറിയ പണിയാണ് കൊടുത്തത്. 9 പേരുടെ ബില്ലാണ് അടച്ചത്. ബില്‍ സെക്ഷനിലുള്ളവര്‍ മാത്രമല്ല എല്ലാ ജീവനക്കാര്‍ക്കും കുത്തിയിരുന്ന് എണ്ണേണ്ടിവന്നു. 9737 രൂപയുടെ നാണയമുണ്ടായിരുന്നു. ഇനിയും സ്റ്റോക്കുണ്ട്. ഞാന്‍ ഒരു ദിവസം മുഴുവനെടുത്താണ് നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. ദേവാലയങ്ങളില്‍ നിന്നാണ് ഇത്രയും നാണയം സംഘടിപ്പിച്ചത്"- രഞ്ജിത്ത് പറഞ്ഞു.
തലവൂരിലെ വൈദ്യുതി ബിൽ അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. ബില്ലുകളും തുകയും പ്രത്യേകം കവറുകളിലാക്കി കെട്ടി വലിയ സഞ്ചിയിലാക്കി തോളിൽ ചുമന്നാണ് രഞ്ജിത്ത് കൊല്ലം പട്ടാഴിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയത്. 325, 1500, 950, 797 എന്നിങ്ങനെ വ്യത്യസ്തമായ ബിൽ തുകകളാണ് അടയ്ക്കേണ്ടിയിരുന്നത്. കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ മുതൽ മുഴുവൻ ജീവനക്കാരും ഒരുമിച്ചിരുന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്.
ദിവസം പല തവണ വൈദ്യുത മുടക്കമുണ്ടാകുന്നു എന്നായിരുന്നു രഞ്ജിത്തിന്‍റെ പരാതി. നാണയമായി ബില്‍ നല്‍കിയതില്‍ പിന്നെ ഇന്നലെ വൈകുന്നേരം മുതല്‍ ഈ നിമിഷം വരെ കറന്‍റ് പോയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam