
കോഴിക്കോട്: കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ 11 കെ വി ലൈനില്‍ നിന്ന് ഷോക്കേറ്റ തൊഴിലാളിയെ മരണത്തില്‍ നിന്ന് രക്ഷിച്ച് കെ എസ് ഇ ബി ഓവര്‍സിയര്‍. വടകര സൗത്ത് കെ എസ് ഇ ബി സെക്ഷനിലെ ഓവര്‍സിയറായ സി കെ രഞ്ജിത്താണ് രക്ഷാപ്രവർത്തനത്തിലൂടെ നാട്ടുകാരുടെ താരമായി മാറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഏവരെയും മുള്‍മുനയില്‍ നിര്‍ത്തിയ അപകടം നടന്നത്.
കോണ്‍വെന്റ് റോഡിലെ കെട്ടിടത്തിന്‍റെ മേല്‍ക്കൂര അറ്റകുറ്റപ്പണി നടത്തുന്നതിനായി കുട്ടോത്ത് സ്വദേശിയും വെല്‍ഡിംഗ് തൊഴിലാളിയുമായ സത്യന്‍ (50) കെട്ടിടത്തിന് മുകളില്‍ കയറിയതായിരുന്നു. മരത്തിന്‍റെ പട്ടികകള്‍ മാറ്റി ഇരുമ്പ് പട്ടിക സ്ഥാപിക്കുന്നതിനായാണ് സത്യന്‍ മേല്‍ക്കൂരയില്‍ കയറിയത്. എന്നാല്‍ ഇതിനിടയില്‍ അബദ്ധത്തില്‍ ലൈനില്‍ സ്പര്‍ശിക്കുകയും മേല്‍ക്കൂരയുടെ ഒരു ഭാഗത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
വൈദ്യുതി കൊണ്ടുള്ള അപകടമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും സ്തബ്ധരായി നില്‍ക്കുമ്പോഴാണ് വിവരമറിഞ്ഞെത്തിയ രഞ്ജിത്ത് മുകളിലേക്ക് കയറിയത്. ഉടന്‍ തന്നെ സത്യന് സി പി ആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. പിന്നീട് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സത്യനെ വടകര ഗവൺമെന്‍റ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇതാണ് സത്യന്‍റെ ജിവൻ രക്ഷിക്കാൻ നിർണായകമായത്. സത്യന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam