കുളശേരി ക്ഷേത്രമുറ്റത്തുകൂടി കെഎസ്ആര്‍ടിസിക്ക് കുതിക്കാം

By Web TeamFirst Published Sep 24, 2018, 12:57 PM IST
Highlights

എട്ടു വര്‍ഷം കുളശേരി ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് തകര്‍ന്നുകിടന്നു. ഒടുവില്‍ കഴിഞ്ഞ ജൂലൈയില്‍ റോഡ് ടൈലണിഞ്ഞു മുഖംമിനുക്കി. നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടു മാസം കഴിഞ്ഞിട്ടും ഗതാഗതത്തിനായി കുളശേരി റോഡ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ലെന്നതാണ് ഇപ്പോഴത്തെ പരാതി. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയുമായിട്ടില്ലെന്നതാണ് വൈകലിന് കാരണം

തൃശൂര്‍: എട്ട് വര്‍ഷത്തെ കുലുക്കവും കുണുങ്ങലും തീര്‍ന്ന് കുളശേരി ക്ഷേത്രമുറ്റത്തുകൂടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കിന് യാത്ര തുടങ്ങാം. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റില്‍ നിന്ന് ബസുകള്‍ പുറത്തേക്കിറങ്ങുന്ന റോഡിന്റെ അവസ്ഥ തൃശൂരില്‍ വന്നുപോകുന്നവരെ പറഞ്ഞറിയിക്കേണ്ടതില്ല. ഇവിടത്തുകാര്‍ മൂത്രവഴിയെന്നുപോലും വിശേഷിപ്പിച്ചിരുന്നു. മദാലസകളുടെ വിരഹകേന്ദ്രമെന്ന വിളിപ്പേരും ഈ ഇരുള്‍നിറഞ്ഞ കെ.എസ്.ആര്‍.ടി.സി കവാടത്തിനുണ്ടായിരുന്നു.

തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലൂടെ ബസോടിച്ചിട്ടുള്ള ഡ്രൈവര്‍മാരെല്ലാം വര്‍ഷങ്ങളായി ഈ റോഡിന്റെ നവീകരണം സ്വപ്‌നം കാണുകയായിരുന്നു. തൃശൂരിന് തെക്കന്‍ മേഖലയിലേക്കുള്ള എല്ലാ ബസും ഇറങ്ങുന്ന വഴിയായിരുന്നു ഇത്. പണി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ച റോഡ് ഇപ്പോള്‍ ഓട്ടോ സ്റ്റാന്റാണ്. 

എട്ടു വര്‍ഷം കുളശേരി ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് തകര്‍ന്നുകിടന്നു. ഒടുവില്‍ കഴിഞ്ഞ ജൂലൈയില്‍ റോഡ് ടൈലണിഞ്ഞു മുഖംമിനുക്കി. നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടു മാസം കഴിഞ്ഞിട്ടും ഗതാഗതത്തിനായി കുളശേരി റോഡ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ലെന്നതാണ് ഇപ്പോഴത്തെ പരാതി. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയുമായിട്ടില്ലെന്നതാണ് വൈകലിന് കാരണം. 

മന്ത്രി വി.എസ് സുനില്‍കുമാര്‍, എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നാണു റോഡ് നവീകരണത്തിനുള്ള തുക അനുവദിച്ചത്. ടാറിങ് നടത്തിയാല്‍ കൂടുതല്‍ നാള്‍ നില്‍ക്കില്ലെന്ന വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രതലം ഇഷ്ടിക വിരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീടു രണ്ടു കാരണങ്ങളാല്‍ റോഡ് നവീകരണം നീണ്ടുപോയി. തുക പാസാക്കിയ ഫയല്‍ നേരെ പോയതു കോര്‍പറേഷനിലേക്കാണ്. എന്നാല്‍ റോഡ് കോര്‍പറേഷന്റെതല്ല, പൊതുമരമാത്തു വകുപ്പിന്റെയാണെന്ന വാദവുമായി കുറച്ചുനാള്‍ ഫയല്‍ അവിടെ കിടന്നു. 

റോഡിന്റെ പകുതി കോര്‍പറേഷന്റെതും പകുതി മരാമത്തിന്റെയുമാണെന്നാണു പറയുന്നത്. ഒടുവില്‍ പിഡബ്ല്യുഡി നേരിട്ടു ടെന്‍ഡര്‍ വിളിച്ചപ്പോഴേക്കും വൈകി. കരാറുകാരനെ കിട്ടാതെ വന്നതാണു രണ്ടാം കാരണം. കരാറുകാരനെയും ലഭിച്ചു 20 ദിവസം കൊണ്ടു ടൈല്‍ വിരിച്ചു റോഡ് നവീകരിച്ചിട്ടും എന്താണു ബസുകള്‍ കടത്തിവിടാത്തത് എന്നാണു നാട്ടുകാരുടെ ചോദ്യം. റോഡിന്റെ ഉടമസ്ഥതാവകാശം ഉദ്ഘാടനത്തെയും തടസപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം നവീകരണത്തിന്റെ ക്രഡിറ്റ് മന്ത്രി കൊണ്ടുപോകുമെന്നതിലെ രാഷ്ട്രീയവും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

click me!