
പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആർടിസി ഡ്രൈവർ (KSRTC Driver) പിടിയിൽ. പാലക്കാട്–ആലത്തൂർ ദേശീയപാതയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് കെഎസ്ആർടിസി ഡ്രൈവറിൽ നിന്ന് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് (Banned Tobacco products ) പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ആര്‍ടിഒ എൻഫോഴ്സ്മെൻറ് (RTO Raid) വിഭാഗം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ പിടിയിലായത്.
കുഴൽമന്ദത്ത് കെ എസ് ആർ ടി സി ബസ്സിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തെത്തുടർന്നായിരുന്നു പരിശോധന.
കോയമ്പത്തൂർ പത്തനംതിട്ട ബസ്സിലെ ഡ്രൈവറിൽ നിന്നാണ് ഹാൻസ് പിടിച്ചത്. പരിശോധനയില്‍ രണ്ട് കണ്ടക്ടർമാർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്തതായും കണ്ടെത്തി. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലർച്ചെ വരെ നീണ്ടു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴൽമന്ദം വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്.
റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ആര്‍ടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam