ചക്ക ചതിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, കഷായത്തിന്റെ പട്ടികയിലേക്ക് ചക്കയും പിന്നാലെ താൽക്കാലിക വിലക്കും

Published : Jul 19, 2025, 10:25 AM IST
how to cut jackfruit without stickiness

Synopsis

പന്തളം യൂണിറ്റിൽ ഇന്നലെ നടന്ന ഒരു സംഭവത്തിലൂടെ സംസ്ഥാന പഴമായ സ്വന്തം ചക്കയും ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ചക്ക കഴിച്ച് ഡ്യൂട്ടിക്ക് കയറി ജീവനക്കാരാണ് ഇന്നലെ പരിശോധനയിൽ കുടുങ്ങിയത്.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഡ്യൂട്ടിക്കെത്തുമ്പോൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ നടപടി ഉറപ്പാണ്. പരിശോധന ആരംഭിച്ച് ഇതുവരെ നൂറു കണക്കിന് ജീവനക്കാർക്ക് സസ്പെൻഷനടക്കം ലഭിച്ചതോടെ മദ്യപിച്ചെത്തുന്നവരിൽ കുറവുണ്ടായതായാണ് കോർപ്പറേഷൻ്റെ വിലയിരുത്തൽ. ഇത് പരിശോധിക്കാനായി ബ്രെത്ത് അനലൈസര്‍ പരിശോധന കർശനമായി തുടരുന്നുമുണ്ട്. എന്നാൽ, ഹോമിയോ മരുന്നും കഷായവും കുടിച്ചെത്തു ജീവനക്കാർ പലപ്പോഴും പരിശോധനയിൽ പെടാറുമുണ്ട്. പന്തളം യൂണിറ്റിൽ ഇന്നലെ നടന്ന ഒരു സംഭവത്തിലൂടെ സംസ്ഥാന പഴമായ സ്വന്തം ചക്കയും ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ചക്ക കഴിച്ച് ഡ്യൂട്ടിക്ക് കയറി ജീവനക്കാരാണ് ഇന്നലെ പരിശോധനയിൽ കുടുങ്ങിയത്.

വീട്ടിൽ നല്ല തേൻവരിക്കച്ചക്ക മുറിച്ചപ്പോൾ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ ചക്ക ചുളയുമായി എത്തിയത്. സുഹൃത്തുക്കൾ ഇത് വീതം വച്ച് കഴിച്ചു. രാവിലെ ഡ്യൂട്ടിക്കിറങ്ങും മുൻപ് ചക്കപ്പഴം കഴിച്ച ആളാണ് ഊതിക്കലിൽ ആദ്യം കുടുങ്ങിയത്. ബ്രെത്തലൈസർ പൂജ്യത്തിൽനിന്ന് കുതിച്ചുയർന്ന് പത്തിലെത്തി. താൻ മദ്യപിച്ചില്ലെന്നും വേണമെങ്കിൽ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവർ പറഞ്ഞു. എന്നാൽ മദ്യപിച്ചവരെ കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ. ഒടുവിൽ സാംപിൾ പരിശോധന നടത്താമെന്നായി ജീവനക്കാർ.

ഇതോടെ നേരത്തെ പരിശോധനയിൽ വിജയിച്ചവരെ വീണ്ടും പരിശോധിപ്പിച്ച് പരീക്ഷണം. ആദ്യം ഊതിയപ്പോൾ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോൾ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ. ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ചതോടെ കുടിയന്മാരായതോടെ, വില്ലൻ ചക്കതന്നെയെന്ന് അധികൃതർ ഉറപ്പിച്ചു. ഇതോടെ ഡിപ്പോയിൽ താൽക്കാലികമായി ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതാണ് ജീവനക്കാർക്ക് ഗുണകരമായത്. നേരത്തെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഷിബീഷ് ബ്രെത്ത് അനലൈസര്‍ പരിശോധനയിലൂടെ മദ്യപിച്ചെന്ന് കണ്ടെത്തിയ സംഭവത്തില്‍ വില്ലൻ ഹോമിയോ മരുന്നെന്ന് പിന്നീട് കണ്ടെത്തിയതോടെ നടപടി ഒഴിവായിരുന്നു. കഷായം കുടിച്ച ജീവനക്കാരനെയും ഊതിക്കൽ ചതിച്ചിട്ടുണ്ട്.

പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ കൃത്യനിർവഹണത്തിനിടയിൽ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നതിൻ്റെ അടിസ്ഥാനത്തിൽ ആണ് 2024 ഏപ്രിൽ മാസം മുതൽ മുതൽ കെഎസ്ആർടിസിയുടെ വിജിലൻസ് ടീം ബ്രത്ത് അനലൈസർ പരിശോധനകൾ ആരംഭിച്ചത്. പിന്നാലെ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി. എന്നാൽ പരിശോധന ആരംഭിച്ച സമയത്ത് എല്ലാ യൂണിറ്റുകളിലും പരിശോധന നടത്തിയപ്പോൾ ഒരു ദിവസം 22 മദ്യപിച്ച കേസുകൾവരെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ചുരുങ്ങിയ ദിവസം കൊണ്ട് പരിശോധനയിൽ ഒരു പോസിറ്റീവ് കേസ് മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതായി ഗതാഗതമന്ത്രി വിശദമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്