'ഹലോ കെഎസ് ആര്‍ടിസി അല്ലേ'... യുവതിയ്ക്കും യാത്രികര്‍ക്കും കിട്ടിയത് എട്ടിന്‍റെ പണി

By Web TeamFirst Published Oct 15, 2018, 4:35 PM IST
Highlights

രാത്രി 11 മണിയായിട്ടും വിളികള്‍ നിലക്കാതായതോടെ ഇവര്‍ക്ക് ഫോണ്‍ ഓഫ് ചെയ്യേണ്ടിയും വന്നു. വിളിച്ച യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തങ്ങള്‍ക്ക് അയച്ചുതന്ന നമ്പര്‍ മാറിപ്പോയത് മനസിലായി. കൊല്ലത്തേക്ക് പോകാനായി ടിക്കറ്റെടുത്ത മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ജോലി ചെയ്യുന്ന എ. അഹമ്മദ് നിസാര്‍ കല്‍പ്പറ്റ ഡിപ്പോ അധികൃതരുടെ അടുത്തെത്തി നേരിട്ട് പരാതി പറഞ്ഞു. 

കല്‍പ്പറ്റ:  യുവതിയ്ക്കും യാത്രികര്‍ക്കും എട്ടിന്റെ പണി കൊടുത്ത് സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് ബുക്ക് ചെയ്ത ദീര്‍ഘദൂരയാത്രക്കാര്‍ക്ക് നമ്പര്‍ മാറി നല്‍കിയാണ് യാത്രക്കാരെയും എറണാകുളം സ്വദേശിയായ യുവതിയെയും അധികൃതര്‍ ഒരുപോലെ വെട്ടിലാക്കിയത്. സംഭവം ഇങ്ങനെ: ശനിയാഴ്ച രാത്രി സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന മിന്നല്‍ സര്‍വ്വീസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മെസേജ് വഴി നല്‍കിയ നമ്പര്‍ തെറ്റിപ്പോയതോടെയാണ് സംഭവം ഒന്നുമറിയാത്ത യുവതി പുലിവാല് പിടിച്ചത്. 

വൈകുന്നേരം ആറുമുതലാണ് ഇവരുടെ മൊബൈലിലേക്ക് 'ഹലോ കെ.എസ്.ആര്‍.ടി.സിയല്ലേ...' എന്ന് ചോദിച്ചുള്ള വിളികള്‍ എത്താന്‍ തുടങ്ങിയത്. ആദ്യത്തെയാളോട് അല്ലെന്നും നമ്പര്‍ മാറിപ്പോയെന്നും മറുപടി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പ് അടുത്തയാളുടെ വിളിയെത്തി. 'ബസ് കൃത്യസമയത്ത് പുറപ്പെടില്ലേ...' എന്നായിരുന്നു ഇത്തവണത്തെ ചോദ്യം. ഫോണ്‍ താഴെ വെക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു വിളികളെന്ന് യുവതി പറയുന്നു. 

രാത്രി 11 മണിയായിട്ടും വിളികള്‍ നിലക്കാതായതോടെ ഇവര്‍ക്ക് ഫോണ്‍ ഓഫ് ചെയ്യേണ്ടിയും വന്നു. വിളിച്ച യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തങ്ങള്‍ക്ക് അയച്ചുതന്ന നമ്പര്‍ മാറിപ്പോയത് മനസിലായി. കൊല്ലത്തേക്ക് പോകാനായി ടിക്കറ്റെടുത്ത മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ജോലി ചെയ്യുന്ന എ. അഹമ്മദ് നിസാര്‍ കല്‍പ്പറ്റ ഡിപ്പോ അധികൃതരുടെ അടുത്തെത്തി നേരിട്ട് പരാതി പറഞ്ഞു. ഡിപ്പോയില്‍ നിന്നും ഇതേ നമ്പറില്‍ വിളിച്ചു. ബസ് കണ്ടക്ടറുടെ നമ്പര്‍ അല്ലെന്ന് ഉറപ്പുവരുത്തി. 

ഇതോടെ അഹമ്മദ് നിസാറിന്റെ യാത്ര മുടങ്ങി. സാധാരണ ഗതിയില്‍ ബസ് കണ്ടക്ടര്‍ ഓരോ സ്‌റ്റോപ്പ് എത്തുമ്പോഴും അവിടെ നിന്ന് ടിക്കറ്റെടുത്ത യാത്രക്കാര്‍ മുഴുവന്‍ കയറിയില്ലെങ്കില്‍ അവരുടെ നമ്പറിലേക്ക് വിളിച്ച് ഉറപ്പുവരുത്തുമെന്ന് അഹമ്മദ് നിസാര്‍ പറയുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ വിളിച്ചതുമില്ല. മറ്റു ചില യാത്രക്കാരും ഉദ്ദേശിച്ച ബസ് കിട്ടാതെ പെരുവഴിയിലായി. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെത്തി എ.ടി.ഒക്ക് അഹമ്മദ്‌നിസാര്‍ പരാതി നല്‍കി. തിരുവനന്തപുരത്ത് എത്തി എം.ഡിക്കും പരാതി നല്‍കുമെന്ന് ഇദ്ദേഹം ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

click me!