തിരുവനന്തപുരത്ത് നിന്നും പോയ കെഎസ്ആർടിസി, താമരശ്ശേരി ചുരത്തിൽ ഫോണിൽ സംസാരിച്ച് അപകട യാത്ര; ഒടുവിൽ സസ്പെൻഷൻ

Published : May 26, 2025, 07:12 PM IST
തിരുവനന്തപുരത്ത് നിന്നും പോയ കെഎസ്ആർടിസി, താമരശ്ശേരി ചുരത്തിൽ ഫോണിൽ സംസാരിച്ച് അപകട യാത്ര; ഒടുവിൽ സസ്പെൻഷൻ

Synopsis

യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ കെ എസ് ആർ ടി സി സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറെ ഫോണിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തു. താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ബസിലെ ഒരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് കെ എസ് ആർ ടി സി അധികൃതർ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണെന്നും ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

കെ എസ് ആർ ടി സി അധികൃതരുടെ അറിയിപ്പ് ഇപ്രകാരം

സെൻട്രൽ ഡിപ്പോയിൽ നിന്നും 24.05. 2025 ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ RPK 125 സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25.05.2025 ന് രാവിലെ  താമരശ്ശേരി ചുരം കയറുമ്പോൾ ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെ എസ് ആർ ടി സിയുടെ സത്പേരിന് കളങ്കം വരുത്തിയതിനാണ് ജയേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
മുഖംമൂടി ധരിച്ചെത്തി, ഭാര്യയുടെ മുന്നിലിട്ട് കല്ലമ്പലത്ത് ഗൃഹനാഥന്‍റെ 2 കാലിലും തുരുതുരാ വെട്ടി; ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ