
പത്തനംതിട്ട: 76ാം വയസിലും കിണറ് പണിക്ക് പോയി ഉപജീവനം കണ്ടെത്തുന്ന അടൂർ ചൂരക്കോട് സ്വദേശി കുഞ്ഞുപെണ്ണ് ഈ പ്രായത്തിനിടയ്ക്ക് കുഴിച്ചത് ആയിരത്തിലധികം കിണറുകൾ. മണ്ണിനോട് പടവെട്ടി ശുദ്ധജലം കണ്ടെത്താൻ ഇന്നും ഇറങ്ങുകയാണ് കുഞ്ഞുപെണ്ണ്. തോർത്തുമുണ്ട് വരിഞ്ഞുകെട്ടി കുഞ്ഞുപെണ്ണ് മണ്ണിനടിയിലെ ഉറവ് തേടിയിറങ്ങുന്ന കാഴ്ച്ച അടൂരുകാര്‍ക്ക് പുതിയതുമല്ല.
30ാം വയസ് മുതൽ മണ്ണിനോട് പടവെട്ടി തുടങ്ങിയ ജീവിതമാണ് കുഞ്ഞി പെണ്ണിന്റേത്. കിണറുപണിയിലേക്ക് ജീവിതം വഴിമാറിയിതിനു പിന്നിലും ഒരു അനുഭവമുണ്ടെന്ന് കുഞ്ഞുപെണ്ണ് പറയുന്നു. രണ്ട് ആണുങ്ങൾ കിണറ് കുഴിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയത്ത് കെട്ടിടപ്പണിയിലായിരുന്നു താനെന്ന് പറയുന്നു കുഞ്ഞുപെണ്ണ്. ഈ കിണറ് പണിയൊന്ന് കാണാൻ വേണ്ടി ഓടിവന്നപ്പോൾ ഇങ്ങോട്ട് വരരുത് എന്നൊരു ആജ്ഞയായിരുന്നു. പെണ്ണുങ്ങൾ നോക്കാൻ പാടില്ല. നോക്കിയാൽ എന്തേലും സംഭവിച്ചുപോകുമെന്ന് അവര് പറഞ്ഞു. അങ്ങനെ ആ അവഗണനയാണ് പിന്നീട് ആയിരം കിണറുകൾ കുത്തുന്നതിലേക്ക് നയിച്ചതെന്ന് കുഞ്ഞുപെണ്ണ് പറയുന്നു.
മണ്ണറിഞ്ഞ് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് കിണറുപണിയെന്ന് കുഞ്ഞുപെണ്ണ് പറഞ്ഞുവെക്കുന്നു. 'കിണറുകുത്തി വെള്ളം കിട്ടും വരെ ഉള്ളിൽ പ്രാർത്ഥനയാണ്. ജില്ലയ്ക്ക് പുറത്തുവരെ പോയും കിണറുകൾ കുത്തിയിട്ടുണ്ട്'- എരിയുന്ന വയറാണ് എല്ലാത്തിനും ഊർജ്ജമെന്നാണ് കുഞ്ഞുപെണ്ണിന്റെ വാദം. ദാഹമകറ്റാൻ, തെളിനീരൊഴുക്കാൻ കുഞ്ഞുപെണ്ണ് ഓടിനടക്കുമ്പോഴും ഉള്ളിലൊരു സങ്കടവുമുണ്ട്. 'ഞാൻ ഇത്രയും കാലം ഓരോന്നും ചെയ്യുന്നു. കിണറിന്റെ മേഖലയിലേക്ക് പോകുകയും ജോലി ചെയ്യുന്നുമുണ്ട്. പക്ഷേ ഈ കുഞ്ഞുപെണ്ണിന് ഇപ്പോഴും ഒരു വീടില്ല. ഇപ്പഴും കഷ്ടപ്പാടാണ്'- സംസാരിച്ചു കൊണ്ടിരിക്കെ കുഞ്ഞുപെണ്ണ് വീണ്ടും കിണറ് പണിയിലേക്ക് നീങ്ങി.
https://www.youtube.com/watch?v=_g90KGJbpxQ