
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി-എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ന്റെ ഭാഗമായി നടത്തുന്ന ആദ്യ സൗഹൃദ മത്സരത്തിൽ എംഎൽഎമാരുടെ ടീമായ സ്പീക്കേഴ്സ് ഇലവനും മാധ്യമപ്രവർത്തകരുടെ ടീമായ മീഡിയ ഇലവനും ഏറ്റുമുട്ടും.
കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ജി.ആർ.അനിൽ എന്നിവരും ഭരണ-പ്രതിപക്ഷ നിരകളിലെ പ്രമുഖ എംഎൽഎമാരും സ്പീക്കേഴ്സ് ഇലവന് വേണ്ടി ഇറങ്ങുമ്പോൾ തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ മീഡിയ ഇലവനായി പോരാടാൻ കളത്തിലിറങ്ങും.
ലുലുമാളിലെ ലുലു എസ്റ്റാഡിയോ ബെല്ലിൻ ടർഫിൽ വൈകിട്ട് ഏഴിനാണ് മത്സരം. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തോടെയാണ് ഇത്തവണ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലിങ്ക് വെൽ ടെലിസിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് ആയ വിഷൻടെക്ക് ആണ് സൗഹൃദ മത്സരത്തിന്റെ പ്രായോജകർ. ഏപ്രിൽ 9 മുതൽ 12 വരെ സെൻട്രൽ സ്റ്റേഡിയത്തിലാണ് കേസരി-എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ്. തലസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 24 പുരുഷ വനിതാ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam