
ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഉരുൾപൊട്ടി. ഗതാഗതം പൂർണ്ണമായി നിലച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ദേശീയപാതയിലെ ലോക്കാട് ഗ്യാപ്പിന് സമീപം ഉരുൾപൊട്ടി വൻമല ഇടിഞ്ഞ് റോഡിൽ പതിച്ചത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാറയും മണ്ണും മാറ്റിയഭാഗത്തെ ഒരുവശത്തെ മല പൂർണ്ണമായി ഇടിഞ്ഞ് റോഡിൽ പതിക്കുകയായിരുന്നു. ഏകദേശം 500 മീറ്റർ ഭാഗത്ത് പാറക്കല്ലും മണ്ണും നിറഞ്ഞതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. സമീപത്ത വഴിയോര പെട്ടിക്കടകളും മണ്ണിടിച്ചലിൽ തകർന്നിട്ടുണ്ട്. കടകളിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം പെയ്ത മഴയിലും മേഖലയിൽ മണ്ണിടിച്ചിലുണ്ടാവുകയും ബൈക്ക് യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ദേശീയപാത അധികൃതർ മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴുണ്ടായ മണ്ണും പാറയും മാറ്റാൻ ഒരുമാസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
നൂറടി ഉയരത്തിൽ നിന്നും വൻ ശബ്ദത്തോടെയാണ് ഉരുൾപൊട്ടലുണ്ടായത്. നിലവിൽ ആരും അപകടത്തിൽപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. മണ്ണ് മാറ്റിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴികയുള്ളുവെന്ന് അധികൃതർ പറയുന്നു. കാട്ടുപോത്തടക്കം നിരവധി വന്യമൃഗങ്ങളുടെ വിഖരിത മേഖലയാണ് ലോക്കാട് ഗ്യാപ്. മണ്ണ് മാറ്റുന്നതിലൂടെ മാത്രമേ ഇവറ്റകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയു.
ദേവികുളം സബ് കളക്ടർ രേണുരാജിന്റെ നേതൃത്വത്തിൽ റവന്യുസംഘം മേഖല സന്ദർശിച്ചു. അടുത്ത ദിവസം തൽസ്ഥിതി സർക്കാരിനെ അറിയിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടറിന് കൈമാറും. 380 കോടിരൂപ മുടക്കിയാണ് കൊച്ചി- ധനുഷ് കോടി ദേശീയപാത വികസനം സർക്കാർ യാഥാർത്യമാക്കുന്നത്.
മൂന്നാർ മുതൽ ബോഡിമെട്ടുവരെയുള്ള ഭാഗങ്ങളുടെ വീതികൂട്ടൽ പണികൾ അവസാനഘട്ടത്തിലാണ്. ഗ്യാപ്പ് റോഡ് ഭാഗത്തെ പാറപൊട്ടിക്കൽ പണികൾ പൂർത്തിയായാൽ പെരിയക്കനാൽവരെയുള്ള ടാറിംങ് പൂർണ്ണമാകും. എന്നാൽ മേഖലയിൽ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചൽ ജോലിയുടെ വേഗതക്ക് തിരിച്ചടിയാവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam