
മൂന്നാർ: കാലവര്‍ഷം ശക്തിപ്രാപിച്ചതിന് പിന്നാലെ മൂന്നാറിൽ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ ഗവ. കോളേജിന് സമീപത്തെ മണ്ണിടിച്ചലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതുസംബന്ധിച്ച് ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ഉത്തരവിറക്കി. പ്രദേശത്ത് പൊലീസ് ബാരിക്കേടും സ്ഥാപിച്ചു.
കഴിഞ്ഞ 14-നാണ് മൂന്നാറിലും സമീപപ്രദേശങ്ങളിലും കാലവര്‍ഷം ശക്തമായത്. ചെറിയതോതില്‍ ആരംഭിച്ച മഴ പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. രണ്ടു ദിവസമായി പെയ്ത മഴയില്‍ മുതിരപ്പുഴയാറില്‍ സംഗമിക്കുന്ന കന്നിയാറും നല്ലതണ്ണിയാറും നീരൊഴുക്ക് ശക്തമായി. മുതിരപ്പുഴയില്‍ നീരൊഴുക്ക് ശക്തമായതോടെ ഹെഡ്വര്‍ക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നുവിട്ടു.
ദേവികുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഹൈറേഞ്ച് ക്ലബ് വഴിയാണ് പോകേണ്ടത്. മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ നയമക്കാടിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്തിന്റെ നേത്യത്വത്തില്‍ മണ്ണ് മാറ്റി ഉച്ചയോടെ ഗതാഗതം പുനസ്ഥാപിച്ചു. മൂന്നാര്‍ കോളനി പഴയമൂന്നാര്‍ മേഖലകളില്‍ താമസിക്കുന്നവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയതായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി പറഞ്ഞു.
മൂന്നാറിലെ വിവിധ എസ്‌റ്റേറ്റുകളിലേക്ക് പോകുന്ന റോഡുകളിലും ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പല മേഖലകളിലും വൈദ്യുതി ബന്ധം നിലയ്ക്കുകയും നെറ്റ്വര്‍ക്ക് ബന്ധം പൂര്‍ണ്ണമായി നിലച്ച അവസ്ഥയിലുമാണ്. മൂന്നാര്‍ പഞ്ചാത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam