
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിൽ നിന്ന് നാല് ചാക്ക് കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ മഞ്ചേരി സ്വദേശികളായ രണ്ടു പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിർത്താതെ പോയ കാർ ലോറിയിലിടിച്ചു ഭാഗികമായി തകർന്നു. ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കൂടുതലായി കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വാഹന പരിശോധന നടത്തിയത്. അമിത വേഗത്തിലെത്തിയ കാർ കൈകാണിച്ചിട്ടും നിർത്താതെ പോയി.
തുടർന്ന് ആറ് കിലോമീറ്ററോളം എക്സൈസ് സംഘം വാഹനത്തെ പിന്തുടർന്നു. കഞ്ചിക്കോടെത്തിയപ്പോൾ കാർ ലോറിയിലിടിച്ചു അപകടമുണ്ടാവുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിയോടി. സാഹസികമായാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. മഞ്ചേരി സ്വദേശികളായ രഞ്ജിത്, ശിഹാബ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് നിന്ന് കാറിൽ കടത്തുകയായിരുന്ന ഇരുന്നൂറ് കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷും പിടികൂടിയത്. ലഹരിമരുന്ന് കടത്ത് സംഘം സജീവമായതോടെ പരിശോധന വ്യാപകമാക്കാനാണ് എക്സൈസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം- കോട്ടാംപറമ്പ് - മുണ്ടിക്കൽ താഴം എന്നീ ഭാഗങ്ങളിൽ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിലായിരുന്നു.
കോഴിക്കോട് വെള്ളയിൽ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും അറസ്റ്റ് ചെയ്തത്. കമറുന്നീസ കോഴിക്കോട് - കുന്ദമംഗലം ഭാഗങ്ങളിലെ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. ചെറുകിട കച്ചവടക്കാർക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്തിരുന്നത്. കമറുന്നീസ മുമ്പ് ലഹരി കേസിൽ എട്ട് വർഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam