20 രൂപ ഊൺ Vs 10 രൂപ പ്രാതൽ; കൊച്ചിയിൽ ഭക്ഷണത്തിന്‍റെ പേരിൽ രാഷ്ട്രീയ തർക്കം, ഇന്ദിര കാന്‍റീൻ സമൃദ്ധിയെ തകർക്കാനെന്ന് എൽഡിഎഫ്‌

Published : Jan 16, 2026, 05:25 PM IST
Samrudhi

Synopsis

കൊച്ചി കോർപ്പറേഷനിൽ 10 രൂപക്ക് പ്രാതൽ നൽകുന്ന 'ഇന്ദിര കാന്റീൻ' തുടങ്ങാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ എൽഡിഎഫ് രംഗത്ത്. ഇത് എൽഡിഎഫ് ഭരണസമിതി ആരംഭിച്ച 20 രൂപയുടെ ഊൺ നൽകുന്ന 'സമൃദ്ധി' ജനകീയ ഹോട്ടലിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭക്ഷണത്തിന്റെ പേരിൽ ഇരുമുന്നണികളും തർക്കം. നിലവിലെ ഭരണസമിതി ഇന്ദിരാ കാന്റീൻ എന്ന പേരിൽ 10 രൂപക്ക് മൂന്ന് ഇഡലിയും കഞ്ഞിയും നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തർക്കമുയർന്നത്. കേരളത്തിന്റെ അഭിമാനമായ സമൃദ്ധി ജനകീയ ഹോട്ടലിനെ തകർക്കാനുള്ള യുഡിഎഫിന്റെ ഗ‍ൂഢാലോചനയുടെ ഭാഗമാണ്‌ മേയർ പ്രഖ്യാപിച്ച ഇന്ദിര കാന്റീനെന്ന്‌ കൊച്ചി കോർപ്പറേഷൻ എൽഡിഎഫ്‌ പാർലമെന്ററി പാർട്ടി നേതാവ്‌ വി എ ശ്രീജിത്ത്‌ പറഞ്ഞു. പത്ത്‌ രൂപക്ക്‌ ഭക്ഷണം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതിന്റെ മറവിൽ സമൃദ്ധിയെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ല.

സമൃദ്ധിയെന്നത്‌ കേരളത്തിന്റെയും മലയാളികളുടെയും മനസിൽ പതിഞ്ഞ പേരാണ്‌. കൊച്ചി നഗരത്തിൽ ആരും വിശന്നിരിക്കരുതെന്ന മാനവികതയുടെ മഹാസന്ദേശം ഉയർത്തിപിടിച്ചാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി ഇതാരംഭിച്ചത്‌. നഗരം മാത്രമല്ല, കേരളമാകെ ഇ‍ൗ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും അന്നതിനെ എതിർത്തവരാണ്‌ പ്രതിപക്ഷത്തായിരുന്ന യുഡിഎഫെന്നും എൽഡിഎഫ് ആരോപിച്ചു.

അധികാരം ലഭിച്ചപ്പോൾ സമൃദ്ധിയെ ഇല്ലാതാക്കി അതിന്‌ പകരം കുബുദ്ധിയോടെ സ്വന്തം നേതാവിന്റെ പടവും പേരും കടത്തിവിടുന്ന അധമരാഷ്ട്രീയം കളിക്കുകയാണ്‌ യുഡിഎഫ്‌. സദുദ്ദേശ്യമായിരുന്നെങ്കിൽ അവർക്ക്‌ നിലവിലുള്ള സമൃദ്ധി വഴി തന്നെ ഇ‍ൗ നിരക്കിൽ പ്രാതലും രാത്രി ഭക്ഷണവും നൽകാൻ നടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ അതിന്‌ തയ്യാറായില്ല. അതിന്‌ പകരം സമൃദ്ധിയുടെ തന്നെ സ്ഥലം ഉപയോഗിച്ച്‌ അവിടെ ഇന്ദിര ക്യാന്റീൻ ആരംഭിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നും ഇതിൽ നിന്നും യുഡിഎഫിന്റെ ഗ‍ൂഢലക്ഷ്യം വ്യക്തമാണെന്നും ശ്രീജിത് പറഞ്ഞു. കുടുംബശ്രീ വനിതകളുടെ സ്വയംപര്യാപ്‌തയുടെയും കാര്യശേഷിയുടെയും പ്രതീകം കൂടിയാണ്‌ സമൃദ്ധി. ഇതിനെ ഇല്ലാതാക്കാനുള്ള നീക്കം എന്തുവില നൽകിയും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 രൂപയാണ് സമൃദ്ധി ഹോട്ടിലിലെ ഊണിന്റെ വില. കൊച്ചി ന​ഗരത്തിൽ ആരും വിശന്നിരിക്കരുതെന്ന കാഴ്ച്ചപ്പാടിന്റെ ഭാ​ഗമായിട്ടാണ് 2021ൽ പദ്ധതി ആരംഭിക്കുന്നത്. ആദ്യം 10 രൂപയായിരുന്നു. പിന്നീട് 20 രൂപയാക്കി. സബ്സിഡിയോടെയാണ് ഈ വിലക്ക് ഊൺ നൽകുന്നത്. എന്നാൽ സമൃദ്ധിയുടെ ഒരുഭാ​ഗത്ത് ഇന്ദിരാ കാന്റീനും തുടങ്ങുമെന്നാണ് മേയർ വി.കെ. മിനിമോൾ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വീപ്പകളില്‍ അടിച്ച് വെല്ലുവിളി, പുറത്തെത്തിയതോടെ മർദ്ദനം',വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് വീട് കയറി ആക്രമണം
പുഷ്പലതയുടെ മരണം; കൊലപാതകമെന്ന് പൊലീസ് നിഗമനം, ശ്വാസം മുട്ടിച്ചുള്ള മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്