വിവാദങ്ങള്‍ക്കിടെ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറി; അടിതെറ്റി ബിജെപി

By Web TeamFirst Published Oct 12, 2018, 11:40 AM IST
Highlights

ശബരിമല, ബ്രൂവറി വിവാദങ്ങള്‍ സംസ്ഥാനത്ത് കത്തിപ്പടരുന്നതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനും എല്‍ഡിഎഫിനും ഏറെ നിര്‍ണായകമായിരുന്നു

സുല്‍ത്താന്‍ബത്തേരി: വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ആശ്വാസ വിജയം. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ ഷെര്‍ളി കൃഷ്ണനാണ് വെന്നിക്കൊടി പാറിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ബബിതയെ 150 വോട്ടിനാണ് ഇവര്‍ പിന്നിലാക്കിയത്.

ബീനാച്ചി ഗവണ്‍മെന്‍റ്  ഹൈസ്‌കൂളില്‍ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. ശബരിമല, ബ്രൂവറി വിവാദങ്ങള്‍ സംസ്ഥാനത്ത് കത്തിപ്പടരുന്നതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനും എല്‍ഡിഎഫിനും ഏറെ നിര്‍ണായകമായിരുന്നു. അതിനാല്‍ തന്നെ സിപിഎം ടിക്കറ്റില്‍ മത്സരിച്ച ഷെര്‍ളിയുടെ വിജയം പാര്‍ട്ടിക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഭരിക്കുന്നത്. ബിജെപിക്കായി സിനി ഷാനയായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍, സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വോട്ട് പിടിക്കാനിറങ്ങിയ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്.

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ കുറവാണ് ബിജെപി വോട്ടിലുണ്ടായിരിക്കുന്നത്. നിലവിലെ അംഗം മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു. നഗരസഭ ഭരിക്കുന്ന സിപിഎം-കേരള കോണ്‍ഗ്രസ് (എം) സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല.

ഇക്കാരണത്താല്‍ മന്ദംകൊല്ലിയിലെ വിജയം അനിവാര്യമായിരുന്നു. 35 അംഗ ഭരണസമിതിയില്‍ 17 അംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോള്‍ 15 അംഗങ്ങളാണ് ഉള്ളത്. ഒരംഗം കൂടിയെത്തുന്നതോടെ ഇത് 16 ആകും. മന്ദംകൊല്ലിയിലെ കൗണ്‍സിലര്‍ ശോഭന ജനാര്‍ദ്ദനന്റെ വേര്‍പാടും കരിവള്ളിക്കുന്ന് വാര്‍ഡ് അംഗമായിരുന്ന സോബിന്‍ വര്‍ഗീസ് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ചതുമാണ് സിപിഎമ്മിന് രണ്ട് സീറ്റ് കുറച്ചത്.

ഭൂരിപക്ഷമില്ലാത്തതിനാല്‍ തന്നെ കേരള കോണ്‍ഗ്രസിന്റെ ഏക അംഗമായ ടി.എല്‍. സാബുവിന് ചെയര്‍മാന്‍ സ്ഥാനം നല്‍കി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയം ജില്ലയിലെ സിപിഎം നേതൃത്വത്തിന് ആശ്വാസമാണ്. പഞ്ചായത്ത് ആയിരുന്നപ്പോള്‍ യുഡിഎഫിന്റെ കൈയ്യിലായിരുന്ന ഭരണം നഗരസഭ വാര്‍ഡ് നിര്‍ണയത്തോടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 

click me!